തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നാളെ. അതേസമയം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നാളെ നടത്താനിരിക്കുന്ന പണിമുടക്കിനെതിരെ ഡയസ്നോണ്‍ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിർദേശപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പണിമുടക്ക് ദിവസത്തെ ശന്പളം അടുത്ത മാസത്തെ ശന്പളത്തിൽ നിന്ന് കുറയ്ക്കും, അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും, അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നിക്കം ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതത് വകുപ്പു മേധാവികൾ റിപ്പോർട്ട് ചെയ്യണമെന്നും അവശ്യസേവനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ആറു ഗഡു(18 ശതമാനം) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശന്പളപരിഷ്കരണ കുടിശിഖ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ പ്രതിപക്ഷ അനുകൂല സംഘടനകൾ പണി മുടക്ക് പ്രഖ്യാപിച്ചത്.
കഴിഞ്ഞ 33 മാസമായി സർക്കാർ ജീവനക്കാർക്ക് നയാപൈസയുടെ ആനുകൂല്യം എൽഡിഎഫ് സർക്കാർ അനുവദിച്ചിട്ടില്ലെന്ന് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കി.