തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡി സെപ് ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കാൻ തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയെ ഏൽപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേത് അടക്കമുള്ള അധ്യാപകർ, അനധ്യാപകർ, പാർടൈം അധ്യാപകർ, തദ്ദേശഭരണ സ്ഥാപനം, സർവകലാശാല, ഹൈക്കോടതി എന്നിവയിലെ ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് മെഡിസെപിന്റെ ഗുണഭോക്താക്കൾ. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. മൂന്നു വർഷമാണ് ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി.
ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയമായി ജിഎസ്ടി അടക്കം 2992.48 രൂപയാണ് റിലയൻസ് കന്പനി ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖയിലെ മൂന്നെണ്ണമടക്കം അഞ്ച് കന്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ടെൻഡറുകൾ പരിശോധിച്ചശേഷം റിലയൻസിനെ ധനവകുപ്പ് ശിപാർശ ചെയ്യുകയായിരുന്നു.