കട്ടപ്പന: ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കു പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷയും വിജയകരമായി പൂർത്തിയാക്കി അമ്മയും മകളും. അടിമാലി കൊരങ്ങാട്ടി ചെറുകുന്നേൽ എം.കെ.ശ്രീജയും മകൾ മേഘയുമാണ് ഒരേ ജോലിക്കായി വിജയവഴി താണ്ടിയത്.
പിഎസ്സി പരീക്ഷാ പരിശീലന ക്ലാസുകളിലൊന്നും പങ്കെടുക്കാതെയാണ് ഇരുവരും റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുകയും ചെയ്തത്.
വിധവയായ ശ്രീജ 2015ൽ അടിമാലി നോർത്ത് വാർഡിൽനിന്ന് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു.
നിലവിൽ ആശാ പ്രവർത്തകയാണ്. ഇതിനിടെ ലഭിക്കുന്ന കുറഞ്ഞ സമയത്തായിരുന്നു പഠനം.ഇളയ മകളും പത്താംക്ലാസ് വിദ്യാർഥിനിയുമായ അനഘയുടെ സഹായത്തോടെയാണ് ഇരുവരും പഠനം നടത്തി സർക്കാർ ജോലിയെന്ന സ്വപ്നം നേടിയത്.
ആദിവാസി സമൂഹത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്നുള്ള പ്രത്യേക നിയമനത്തിലേക്കാണ് ഇവർ യോഗ്യത നേടിയിരിക്കുന്നത്.
ശ്രീജ രണ്ടാം തവണയും മേഘ ആദ്യതവണയുമാണ് പിഎസ്സി പരീക്ഷയെഴുതുന്നത്. അടിമാലി ഗവ. എച്ച്എസ്എസിലായിരുന്നു ഇരുവരും പരീക്ഷയെഴുതിയത്. വിജയികളായവരുടെ ഇന്റർവ്യുവിനുശേഷം റാങ്ക് പട്ടിക തയാറാക്കി നിയമനം ലഭിക്കും.