തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ചു വ്യക്തിഗത ഇനങ്ങളിൽ മെഡലുകളും ടീമിനത്തിൽ സ്വർണവും കരസ്ഥമാക്കിയ 68 കായിക താരങ്ങൾക്കു സർക്കാർ സർവീസിൽ നിയമനം നൽകുന്നതിനായി എൽഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികൾ സൃഷ്ടിച്ച് ഉത്തരവായി.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമനം നൽകാൻ ഉത്തരവിറക്കിയെങ്കിലും നിയമന നടപടികൾ മുന്നോട്ടു പോയിരുന്നില്ല. ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ സജൻ പ്രകാശ്, എലിസബത്ത് സൂസൻ കോശി എന്നിവർക്ക് ആംഡ് പോലീസ് ഇൻസ്പെക്ടർ തസ്തികയിൽ ഈ സർക്കാർ നിയമനം നൽകി. അനിൽഡ തോമസ്, ആർ. അനു എന്നിവർക്കു വനം വകുപ്പിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിയമനം നൽകി.
ടീമിനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായിക താരങ്ങൾക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുന്ന നടപടി പുരോഗമിക്കുന്നു. ഒരു വർഷത്തിൽ 50 കായിക താരങ്ങൾക്കു സർക്കാർ സർവീസിൽ സ്പോർട്ട്സ് ക്വാട്ട നിയമനം നടത്താറുണ്ട്.