കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരള മൊബൈല്‍ ആപ്പ്. കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കി. രണ്ട് ദിവസത്തെ ഉച്ചകോടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആപ്പിൽ തുടക്കത്തിൽ നൂറോളം സർക്കാർ സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൽ പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സർക്കാർ സേവനങ്ങൾ മുഴുവനായും ആപ്പിലൂടെ നൽകാനാണ് എം കേരളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിൻഡോസ്, ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് തയാറാക്കിയിരിക്കുന്നത്. സ്മാർട് ഫോണിൽ മാത്രമല്ല, സാധാരണ ഫോണുകളിലും സേവനങ്ങൾ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ, വൈദ്യുതി ബിൽ, വെള്ളക്കരം, സർട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകൾ തുടങ്ങി നിലവിൽ സർക്കാർ സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
വിവിധ ബില്ലുകൾക്ക് പണമടയ്ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. സർക്കാർ വെബ് സൈറ്റിൽനിന്നോ ആപ്പ് സ്റ്റോറിൽനിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും.