കൊച്ചി: നിപ്പാ വൈറസുകൾ പടർത്തുന്നതിനു കാരണക്കാരെന്നു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന വവ്വാലുകൾക്കു സർക്കാർ ഓഫീസിന്റെ മേൽക്കൂരയിൽ സുഖവാസം. ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിനടുത്തുള്ള ഹയർ സെക്കൻഡറി റീജണൽ ഓഫീസ് (ആർഡിഡി) കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ജീവനക്കാരിലും സന്ദർശകരിലും ഭീതിയുളവാക്കി നൂറോളം വവ്വാലുകൾ സ്ഥിരമായി വിഹരിക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള ഓടു മേഞ്ഞ കെട്ടിടത്തിലാണ് വവ്വാലുകൾ കൂട്ടമായി തങ്ങുന്നത്. രാത്രിയും പകലും ഇവിടെ വവ്വാലുകളുടെ ശല്യമുണ്ടെന്നു ജീവനക്കാർ പറയുന്നു. കെട്ടിടത്തിലെ വരാന്തയുടെ ഭാഗത്താണു കൂടുതൽ വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത്. പടക്കം പൊട്ടിച്ചും മറ്റും വവ്വാലുകളെ ഓടിക്കാൻ ജീവനക്കാർ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടാകാറില്ലത്രെ. സീലിംഗിനു മുകളിൽ മരപ്പട്ടിയുടെ ശല്യവും രൂക്ഷമാണെന്ന് ജീവനക്കാർ പറഞ്ഞു.
നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ, ഫോറസ്റ്റ് വിഭാഗങ്ങളെ വിവരമറിയിച്ചിട്ട് ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആർഡിഡി ഓഫീസ് അധികൃതർ പറഞ്ഞു. സമീപത്തെ ഹെൽത്ത് സെന്ററിലും വിവരമറിയിച്ചെങ്കിലും അവരും കൈമലർത്തി.
പതിനഞ്ചോളം ജീവനക്കാരുള്ള ഓഫീസാണിത്. ഹയർ സെക്കൻഡറി അധ്യാപകരുൾപ്പടെ ദിവസവും നൂറുകണക്കിനാളുകളും ഇവിടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നുണ്ട്. വരാന്തയിൽ സന്ദർശകർക്ക് ഇരിക്കാനുള്ള കസേരകളിലും മറ്റും വവ്വാലുകളുടെ വിസർജ്യങ്ങൾ പതിവുകാഴ്ചയാണ്.