കാക്കനാട്: ജീവനക്കാർ സംഘടനാസമ്മേളനത്തിനു പോയതു മൂലം തൃക്കാക്കര നഗരസഭ ഓഫീസ് പ്രവർത്തനം നിശ്ചലമായി. എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാർ ഒഴികെ മറ്റെല്ലാവരും ഒന്നിച്ച് സമ്മേളനത്തിന് പോകുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിയവർ ഇതുമൂലം ദുരിതത്തിലായി.
ഓഫീസ് സൂപ്രണ്ടും സെക്രട്ടറിയും ഓഫീസിലുണ്ടായിരുന്നുവെങ്കിലും വിവിധ ഫയലുകൾ കൈകാര്യം ചെയ്യുന്ന മറ്റു ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടു. 25 ഓളം ജീവനക്കാരാണ് സമ്മേളനത്തിന് പോയത്.
ഏതാനും താത്കാലിക ജീവനക്കാർ എത്തിയെങ്കിലും മറ്റു ജീവനക്കാർ ഇല്ലാത്തതിനാൽ ഫയലുകൾ ഇവർക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുനിസിപ്പൽ ജീവനക്കാർ ഒന്നടങ്കം ഓഫീസ് വിട്ട് പോയത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ് യൂണിയൻ.
നഗരസഭയിൽ നിലവിൽ ജീവനക്കാരുടെ കുറവുമൂലം ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുന്നതിനിടയിലാണ് സംഘടനയുടെ പേരിൽ ജീവനക്കാർ കൂട്ടത്തോടെ ഓഫീസിൽ എത്താതിരിക്കുന്നത്. ഇത് അധികവും ബാധിക്കുന്നത് സാധാരണക്കാരെയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തൃപ്പൂണിത്തുറയിൽ സമ്മേളനം നടക്കുന്നു. ഇനി രണ്ടാം ശനിയാഴ്ചയും ഓഫീസ് അവധിയാണ്.