സാനിറ്ററി പാഡുകള്‍ വിലകുറവില്‍ നല്കാന് സര്‍ക്കാരിന് കഴിയുമോയെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് അധിക്ഷേപകരമായ മറുപടി നല്കി ബിഹാറിലെ ഐഎഎസ് ഓഫീസര്‍.
കാലക്രമേണ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സര്‍ക്കാര്‍ നല്കേണ്ടിവരുമോ എന്നായിരുന്നു ഓഫീസറുടെ അധിക്ഷേപം.
എല്ലാം സര്‍ക്കാര്‍ ചെയ്തുതരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസര്‍ ഹര്‍ജോത് കൗര്‍ ബംമ്ര പറഞ്ഞു.
‘സര്‍ക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡ് നല്കാന് കഴിയില്ലേ’ എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം.
‘നാളെ നിങ്ങള്‍ പറയും ജീന്‍സും തരാന്‍. പിന്നെയത് മനോഹരമായ ഷൂസുകള്‍ കൂടി തന്നുകൂടേ എന്നാവും. ക്രമേണ സര്‍ക്കാര്‍ കോണ്ടം ഉള്‍പ്പടെയുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങളും തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും’. ബംമ്ര മറുപടി നല്കി.
ജനങ്ങള്‍ വോട്ട് ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ഇതിനിടെ വിദ്യാര്‍ത്ഥിനി ഓര്‍മ്മിപ്പിച്ചു. ‘ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. വോട്ട് ചെയ്യണ്ട. ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങള്‍ക്കും വേണ്ടിയാണോ’. എന്നായിരുന്നു ഓഫീസറുടെ ധിക്കാരപരമായ പ്രതികരണം.
പെണ്മക്കളെ ശാക്തീകരിക്കൂ, ബിഹാറിനെ ഉന്നതിയിലെത്തിക്കൂ പരിപാടിയിലാണ് ഈ വിവാദ സംഭവം. വനിതാ ശിശുക്ഷേമ കോര്പ്പറേഷന് സംസ്ഥാന മേധാവിയാണ് ബംമ്ര.
എന്നാല്‍ താന്‍ പറഞ്ഞതിനെ ന്യായീകരിക്കാനും ബംമ്രയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. ‘എല്ലാം സര്‍ക്കാര്‍ തരണമെന്ന് നിങ്ങളെന്തിനാണ് വാശിപിടിക്കുന്നത് അങ്ങനെ വിചാരിക്കുന്നത് തന്നെ തെറ്റാണ്. നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ ചെയ്തൂടേ’ ബംമ്ര ചോദിച്ചു.
ഒമ്പത്,പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തതിലധികവും. കുട്ടികള്‍ തങ്ങളുടെ സ്കൂളിലെ ശുചിമുറികളെ കുറിച്ച് പരാതിപ്പെട്ടപ്പോഴും ബംമ്രയുടെ മറുപടി സമാനമായിരുന്നു.
ശുചിമുറികള്‍ തകര്‍ന്ന നിലയിലാണെന്നും ആണ്‍കുട്ടികളും തങ്ങളുടെ ശുചിമുറികള്‍ ചിലപ്പോള്‍ ഉപയോഗിക്കാറുണ്ടെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടി.
ഇതിന് ഓഫീസറുടെ മറുപടി ‘നിങ്ങളുടെ വീട്ടിലൊക്കെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചിമുറി ഉണ്ടോ’ എന്നായിരുന്നു.
ഇങ്ങനെയൊക്കെ പറയാനാണെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പിന്നെന്തിനാണെന്ന് കാണികളിലൊരാള്‍ പരിഹസിച്ചു. ചിന്തകളില്‍ മാറ്റം വരുത്തണമെന്നാണ് കടുത്ത ഭാഷയില്‍ ബംമ്ര പ്രതികരിച്ചത്.
പിന്നെ സദസ്സിലുള്ള പെണ്‍കുട്ടികളോട് പറഞ്ഞു. ഭാവിയില്‍ നിങ്ങള്‍ എവിടെയെത്തുന്നത് കാണാനാണ് ഇഷ്ടമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. സര്‍ക്കാരിന് അതിനായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.