ഇനി പോലീസിനെ ഊരാളുങ്കല്‍ സൊസൈറ്റി ശരിയാക്കും.സംസ്ഥാന പോലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം വന്‍വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. വഴിവിട്ട നീക്കത്തിലൂടെ അനുമതി നല്‍കുന്നതിനെ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തത്.
ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ്‌വെയറിനായി ഊരാളുങ്കല്‍ നല്‍കിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഊരാളുങ്കലിന് ഒരു തുകയും നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. പോലീസിന്റെ പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാന്‍ നല്‍കുന്ന അനുമതി സംസ്ഥാനത്തെ മുഴൂവന്‍ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്നാണ് വിമര്‍ശനം.
പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ സുപ്രധാനജോലികള്‍ സൊസൈറ്റിയുടെ ആപ്പു വഴിയാകും. ഇതോടെ പൊലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് അതീവ പ്രധാന്യമുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാനുള്ള സ്വതന്ത്രാനുമതിയാണ് സൊസൈറ്റിക്ക് കയ്യില്‍ വരിക. ഒക്ടോബര്‍ 29 നായിരുന്നു പൊലീസ് ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കൊടുംകുറ്റവാളികളുടെ വരെയുള്ള സകല വിവരങ്ങളും ഇതുവഴി സൊസൈറ്റിയ്ക്കു ലഭിക്കും.
അതീവ രഹസ്യഫയലുകള്‍ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാബേസില്‍ കയറാന്‍ നല്‍കുന്ന സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സുരക്ഷാവീഴ്ചയാണെന്ന് സൈബര്‍ വിദഗ്ദ്ധര്‍ കണക്കാക്കുന്നുണ്ട്. ഒക്ടോബര്‍ 25 നായിരുന്നു ഡേറ്റാബേസില്‍ കയറാന്‍ അനുമതിക്കായി സൊസൈറ്റി അപേക്ഷ നല്‍കിയത്. നാലു ദിവസത്തിനുള്ളില്‍ കയറാന്‍ ഡിജിപി അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത് പോലും. അതേസമയം തന്നെ 2017 ല്‍ പൊലീസിലെ തന്നെ സാങ്കേതിക വിദഗ്ദ്ധര്‍ വികസിപ്പിച്ച ഇ-വിഐപി വെര്‍ഷന്‍ 1.0 എന്ന തൃശൂര്‍ ജില്ലയില്‍ തുടങ്ങുകയും പിന്നീട് 19 പൊലീസ് ജില്ലകളിലേക്ക് മാറ്റുകയും ചെയ്ത ആപ്പ് ഊരാളുങ്കലിന് കരാര്‍ നല്‍കാന്‍ ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ഊരാളുങ്കലിന്റെ ആപ്പാകട്ടെ ഈ ആപ്പിന്റെ നവീകരിച്ച രൂപമാണ് താനും.
സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ടെന്‍ഡര്‍ പോലും വിളിക്കാതെ സര്‍ക്കാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സിന് പാസ്‌പോര്‍ട്ട് പരിശോധനാ ജോലികള്‍ പോലെ കോടികളുടെ ഇടപാട് കൈമാറിയതില്‍ പൊലീസിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പൊലീസിന്റെ ഡേറ്റാ ബാങ്ക് നല്‍കരുത്. നടപടി തെറ്റെന്നും സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.