കൊല്ലം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. ഞായർ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
പോസ്റ്റ് മോർട്ടത്തിൽ ആത്മഹത്യയാണെന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണത്തിലേക്കു നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മറ്റൊരു യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്ന ആരോപണത്തില് മനു യുവതിയോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്ന തരത്തിലുള്ള വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതേ തുടർന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഈ വീഡിയോ വിശദമായി പരിശോധിക്കാൻ വെസ്റ്റ് പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ എറണാകുളത്ത് എത്തി മനുവിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. മനുവിന് എതിരേ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തും.
മനുവിന്റെ മൃതദേഹം ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം എറണാകുളം പിറവത്തെ വീട്ടിൽ എത്തിച്ച ശേഷം സംസ്കാരം നടത്തി.
സ്വന്തം ലേഖകൻ