തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിനെ പിന്നിൽ നിന്ന് ചവിട്ടി നിലത്തിട്ട് അശ്ലീലം പറഞ്ഞ കേസിലെ പ്രതി മൂന്നുമാസം കഴിഞ്ഞപ്പോൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായെന്നും 42 കേസുള്ള അദ്ദേഹത്തെ മുഖ്യമന്ത്രി തലയിൽ വച്ചു കൊണ്ടുനടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇതിൽ 16 കേസുകൾ മാരകായുധം ഉപയോഗിച്ച് സഹപാഠികളെ പരിക്കേൽപ്പിച്ചതിനും മൂന്ന് കേസുകൾ വധശ്രമത്തിനുമാണ്.
ഒരു കേസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മഹാരാജാസ് ഹോസ്റ്റലിൽ പൂട്ടിയിട്ട് നേരം വെളുക്കും വരെ ഇടിച്ചതിന്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ളതാണ്.
നാലിലധികം വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു കേസ് ജാമ്യം എടുത്തുകൊടുത്ത വക്കീലിനെ വീട് കയറി ആക്രമിച്ചതിന്.
എന്നിട്ടാണ് ഒരു കേസ് മാത്രമുള്ള യൂത്ത് കോണ്ഗ്രസ് നേതാവിനെ ഒക്കത്ത് ഇരുത്തുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്.
നാൽപ്പത് കേസുള്ള ഈ ക്രിമിനലിനെ മുഖ്യമന്ത്രി തലയിലാണോ എടുത്ത് വച്ചിരിക്കുന്നത്? ചോദിക്കുന്പോൾ ഓർക്കണമായിരുന്നു.
സർക്കാരിന്റെ പ്രോഗ്രസ് കാർഡിൽ 600-ൽ 570 എണ്ണം പൂർത്തീകരിച്ചെന്നാണ് പറഞ്ഞത്. എന്നാൽ നൂറെണ്ണം പോലും പൂർത്തിയാക്കിയില്ല.
ഇതു സംബന്ധിച്ച ഏത് സംവാദത്തിനും പ്രതിപക്ഷം തയാറാണ്. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇടുക്കി, മലബാർ, കുട്ടനാട്, വയനാട് പാക്കേജുകളിൽ ഒന്നും പൂർത്തിയാക്കിയില്ല.
എന്നിട്ട് പി.ആർ ഏജൻസികളുടെ പിൻബലത്തോടെ 600-ൽ 570 വാഗ്ദാനങ്ങളും പാലിച്ചെന്നാണ് പ്രചരിപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു.