തിരുവനന്തപുരം: ഇപ്പോഴുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം കുറയ്ക്കുകയും പെൻഷൻ 25000 രൂപയായി നിജപ്പെടുത്തണമെന്നും പി.സി ജോർജ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്കി.
സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും 10 ലക്ഷത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി ചെലവഴിക്കുന്നു. ആകെയുള്ള റവന്യു വരുമാനത്തിന്റെ 24ശതമാനവും പെൻഷൻ നല്കാൻ വേണ്ടി മാറ്റി വെയ്ക്കേണ്ട സ്ഥിതിയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും വാങ്ങിയ പണത്തിന്റെ പലിശയായി റവന്യു വരുമാനത്തിൻറെ 18 ശതമാനവും നല്കുന്നു. ബാക്കി പണത്തിന്റെ 42 ശതമാനവും ഉദ്യോഗസ്ഥൻമാർക്ക് ശന്പളമായി നല്കേണ്ട സ്ഥിതിയാണെന്നും പി.സി. ജോർജ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് വികസന പ്രവർത്തനങ്ങൾക്കും റേഷൻ ഉൾപ്പെടെയുള്ളവയ്ക്കുമൊക്കെയായി ചെലവഴിക്കാൻ ലഭിക്കുന്നത്. കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ള 3.5 കോടി ജനങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കായി കെ. മോഹൻദാസ് ചെയർമാനായ ശന്പളപരിഷ്ക്കരണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. 14000 കോടി രൂപയാണ് ശന്പളപരിഷ്ക്കരണത്തിനായി വേണ്ടതെന്ന പൊതു ചർച്ചയും നടന്നുകൊണ്ടിരിക്കയാണ്.സംസ്ഥാനം ഏറെ പ്രതിസന്ധിയിൽ നില്ക്കുന്ന ഈ സാഹചര്യത്തിൽ ശന്പളകമ്മീഷനെ മരവിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.