കെ. ഷിന്റുലാല്‍
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിനെതിരേയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഖജനാവിനു നഷ്ടമായതു നാലു കോടി..!
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതുവരെയുള്ള കാലയളവിലാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിനിടെ ഇത്രയും വലിയ നഷ്ടം സംഭവിച്ചത്.
4,01,34,242 രൂപയാണ് സമരങ്ങളുടെ ഭാഗമായി സമരക്കാർ നശിപ്പിച്ച പൊതുമുതലിന്റെ ആകെ മൂല്യം. സമരങ്ങളുമായി ബന്ധപ്പെട്ട് 7,318 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാത്രം 838 കേസുകളാണുള്ളത്.
ഈ കേസുകളില്‍ നിലവിലെ നിയമസഭാംഗമായ ടി.സിദ്ദീഖ്, മുന്‍ നിയമസഭാംഗങ്ങളായ ശബരീനാഥ്, എല്‍ദോ ഏബ്രഹാം, പി.കെ.അബ്ദുറബ് എന്നിവരുള്‍പ്പെടെ 4,470 പേര് പ്രതികളാണ്. ശിക്ഷിക്കപ്പെട്ടവരാകെട്ട 85 പേര് മാത്രം..!
വടകര എംഎല്‍എ കെ.കെ.രമയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സര്‍ക്കാരിനു നഷ്ടമായ തുക സംബന്ധിച്ചു വ്യക്തമാക്കിയത്.
നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനിടെയാണ് കെ.കെ.രമ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.
ഏറ്റവും കൂടുതല്‍ നാശനഷ്ടം 2017ല്‍
2017 ലാണ് ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപ്പിച്ചത്. 2,04,07,223 രൂപയാണ് ഈ വര്‍ഷം മാത്രം സര്‍ക്കാരിന് നഷ്ടപ്പെട്ടത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ 2016 ല്‍ 31,82,632 രൂപയാണ് നശിപ്പിച്ച പൊതുമുതലിന്റെ മുല്യം.
2018ല്‍ 71,60,749 രൂപയും ഖജനാവിന് നഷ്ടമായി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുള്‍പ്പെടെ നടന്ന 2019 ല്‍ 67,08,246 രൂപ മൂല്യമുള്ള പൊതുമുതലുകളാണ് നശിപ്പിച്ചതെന്നാണ് ഔദ്യോഗിക രേഖ.
നയതന്ത്ര കേസുള്‍പ്പെടെ വിവാദമായതിന് പിന്നാലെ സര്‍ക്കാരിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ കൂടുതലായി രംഗത്തിറങ്ങിയ 2020 ല്‍ 17,24,762 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് ആദ്യവാരം വരെ 9,50,630 രൂപയുടെ പൊതുമുതലും സമരക്കാർ നശിപ്പിച്ചിട്ടുണ്ട്.
മറു ചോദ്യം
മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാര്‍ വാദം.
ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമനടപടി കൃത്യമായി പാലിക്കുന്ന സാഹചര്യത്തില്‍ പഴയ കേസ് പിന്‍വലിക്കണമെന്നാവശ്യം നീതിക്കു നിരക്കാത്തതാണെന്ന് കെ.കെ.രമ എംഎല്‍എ രാഷ്ട്രദീപികയോടു പറഞ്ഞു.
നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സുപ്രീംകോടിതിയെ വരെ സമീപിച്ച സാഹചര്യത്തിലായിരുന്നു വിവരങ്ങള്‍ ലഭ്യമാക്കണമെന്നു നിയമസഭ മുമ്പാകെ ആവശ്യപ്പെട്ടത്.
പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ തന്നെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമോയെന്നാണ് കെ.കെ.രമയുടെ ചോദ്യം.