തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് ഇനി ഏകജാലകം സംവിധാനം. ഒരു യൂസർനെയിമും പാസ് വേർഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങൾ www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും. ഉടൻതന്നെ സർക്കാർ പോർട്ടൽ എല്ലാ സൗകര്യവുമായി പ്രവർത്തനസജ്ജമാകും. കന്പ്യൂട്ടറിലും സ്മാർട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകും വിധമാണ് പോർട്ടൽ ക്രമീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങൾ ഇതുവഴി ലഭിക്കും. വൈദ്യുതി ബിൽ, വെള്ളക്കരം, യൂനിവേഴ്സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങൾക്ക് പണമടയ്ക്കാനും പോർട്ടൽ വഴി സൗകര്യമുണ്ട്. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടർ അതോറിറ്റി, വിഎച്ച്എസ്ഇ, ഇലക്ട്രിസിറ്റി ബോർഡ്, റവന്യൂ, മോട്ടോർ വാഹനം, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെയും യൂണിവേഴ്സിറ്റികളുടെയും സർട്ടിഫിക്കറ്റുകളും ബില്ലുകൾ അടയ്ക്കാനുമുള്ള സൗകര്യമാണ് ഇങ്ങനെ ലഭിക്കുക.
എസ്ബിഐയുമായി ഇതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സർക്കാരിലേക്ക് പണമടയ്ക്കാൻ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ സേവനങ്ങൾക്കുമായി പൊതുവായി ഒരുതവണ ഒരു യൂസർ നെയിമും പാസ് വേർഡും സൃഷ്ടിച്ചുകഴിഞ്ഞാൽ സർക്കാരിലേക്കുള്ള എതു അപേക്ഷ സമർപ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂർവം നടത്താം. ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുന്നതിന് സർവീസ് ചാർജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും.