തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ സഭയിലെത്തിയപ്പോൾത്തന്നെ പ്രതിപക്ഷ ഭാഗത്തു നിന്നും സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി. സ്പീക്കർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ഗവർണർ നയപ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങിയപ്പോൾ മുദ്രാവാക്യം ഉച്ചത്തിലായി. പ്രതിപക്ഷ ബഹളം കാര്യമാക്കാതെ തന്നെ ഗവർണർ നയ പ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങി.
പ്രതിപക്ഷ ബഹളം കൂടിയതോടെ തന്നെ ഭരണഘടനാ കർത്തവ്യം നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടു. സഭയിലെ മര്യാദകൾ ഓർമ്മിച്ചുകൊണ്ട് അൽപ്പം പരുഷമായിട്ടു തന്നെയാണ് ഗവർണർ തന്നെ പ്രസംഗം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.
ഇതിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുനേറ്റ് പ്രസംഗിക്കാൻ ശ്രമിച്ചെങ്കിലും ഗവർണർ പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തിറങ്ങി.
പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പിന്നീട് സഭയ്ക്കു പുറത്ത് കവാടത്തിലിരുന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയാണ്.
നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. ഗവർണർ നിയമസഭയിൽ എത്തിയപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ എത്തിയത്.
കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം. ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.