തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് വിമർശനം.
കേന്ദ്രസർക്കാർ വായ്പാ പരിധി ഉയർത്തിയത് ഫെഡറലിസത്തിന് ചേരാത്തതാണെന്നും ഇത് വളർച്ചാ നിരക്ക് ഉറപ്പാക്കുന്നതിൽ വെല്ലുവിളിയായി എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ നിയമസഭയിൽ എത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണറിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, മന്ത്രി കെ.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പിണറായി സർക്കാരിന് വീണ്ടും അധികാരം ലഭിച്ചത് അസാധാരണമായ ജനവിധി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചു.
സർക്കാർ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ഗവർണർ പതിനഞ്ചാം കേരള നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ച് നിൽക്കും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കും. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
കോവിഡിനെ നേരിടാൻ 20,000 കോടി രൂപയുടെ സഹായം സർക്കാർ ചെയ്തുവെന്ന് ഗവർണർ പറഞ്ഞു. 47.2 ലക്ഷം പേർക്ക് മുടക്കമില്ലാതെ ക്ഷേമ പെൻഷൻ നൽകി.
2,000 കോടിയുടെ വായ്പ കുടുംബശ്രീ വഴി വിതരണം ചെയ്തു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചു. മരണനിരക്ക് പിടിച്ചുനിർത്താനായത് നേട്ടമാണ്. ജില്ലാ ഭരണകൂടങ്ങളും മികച്ച പ്രകടനം നടത്തി. ഫസ്റ്റ് ലൈൻ സെന്റർ പ്രവർത്തനത്തിൽ വാർഡ് തല സമിതികൾ മികച്ചു. ജനകീയ ഹോട്ടലുകൾ ഭക്ഷണം ഉറപ്പാക്കുന്നതിൽ പങ്ക് വഹിച്ചു.
വാക്സിൻ വിതരണത്തിന് 1000 കോടി ചെലവ് പ്രതീക്ഷിക്കുന്നു. 6.60 ജിഡിപി പ്രതീക്ഷിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം ബാധിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം തുടരുകയാണ്.
മറ്റു പ്രഖ്യാപനങ്ങൾ…
• ആരോഗ്യമേഖലയിൽ സമഗ്രവികസനത്തിനായി 1000 കോടി രൂപ മാറ്റിവച്ചു.
• കോവിഡ് പ്രതിരോധിക്കാൻ ആയുർവേദ, ഹോമിയോ മരുന്നുകൾ നൽകും.
• മൃഗസംരക്ഷണത്തിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ്
• 1206 ആയുർ രക്ഷാ ക്ലിനിക്കുകൾ തുടങ്ങും
• പച്ചക്കറിയിൽ സ്വയം പര്യാപ്തത, കൃഷിഭവനുകൾ സ്മാർട്ടാകും
• വൈഫൈ തലസ്ഥാനത്ത് വിപുലമാക്കും
• നഗരത്തിലും കൃഷിക്ക് സാധ്യതകൾ തേടും
• കർഷകരുടെ വരുമാനം 50% കൂട്ടും, താങ്ങുവില ഓരോ വർഷവും കൂട്ടും
• അഞ്ചു വർഷങ്ങൾക്കകം 20 ലക്ഷം പേർക്ക് തൊഴിൽ
• 19 ലക്ഷം കുടുംബങ്ങൾക്ക് 400 കോടി ചെലവു വരുന്ന ഭക്ഷ്യ കിറ്റുകൾ നൽകി
• സ്റ്റാർട്ട് അപ് മിഷൻ 3,900 സ്റ്റാർട്ടപ്പുകൾ തുടങ്ങി
• കെഫോൺ പദ്ധതി സമയബന്ധിതമായി നടപ്പാക്കും
• ശബരിമല ഇടത്താവളം പദ്ധതി കിഫ്ബി സഹായത്തോടെ വികസിപ്പിക്കും
• ഇലക്ട്രോണിക് ഫയൽ ക്ലിയറിംഗ് സംവിധാനം ഏർപ്പെടുത്തും
• മുതലപ്പൊഴി, ചെല്ലാനം മീൻപിടുത്ത തുറമുഖങ്ങൾ ഈ വർഷം
• കലാകാരന്മാരെ സഹായിക്കാൻ പദ്ധതി, കോവിഡ് രണ്ടാം തരംഗത്തിൽ കൾച്ചറൽ ഫെസ്റ്റ് നടത്തും
• എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനാക്കും
• പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
• 14 സാംസ്കാരിക നവോത്ഥാ കേന്ദ്രങ്ങൾ സ്ഥാപിക്കും
• കൂടുതൽ മൊബൈൽ റേഷൻ കടകൾ
• മൺറോ തുരുത്തിൽ കാലാവസ്ഥാ മാറ്റത്തിന് അനുയോജ്യമായ കൃഷി