കൊച്ചി: ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നത് സർക്കാരിന്റെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല ചാൻസലർ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടന്പടിയും ധാരണയുമാണ്. അത് മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.
ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്നത് സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്നും അദേഹം പറഞ്ഞു.
1956 നു മുന്പേ ഗവർണറാണ് സർവകലാശാലകളുടെചാൻസലർ. ഇത് സർക്കാർ നൽകുന്ന ഒൗദാര്യം അല്ല. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചുവക്കാൻ ആണ് സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾ.
കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു.
തന്റെ പേഴ്സണൽ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളിൽ നിയമലംഘനം ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. സർവകലാശാലകളിൽ സ്വജനപക്ഷപാതം നിർത്തലാക്കും, യോഗ്യത ഇല്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു.