കോഴിക്കോട്: മൂന്നു ദിവസത്തെ പരിപാടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നു രാത്രിയോടെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെത്താനിരിക്കെ “ചാന്‍സലര്‍ ഗോ ബാക്ക്’ എന്നെഴുതിയ കറുത്ത ബാനറുകളുമായി എസ്എഫ്ഐ. സര്‍വകലാശാലയുടെ പ്രവേശന കവാടഭാഗത്തും മറ്റുമായി ഉയർത്തിയ ബാനറുകളിൽ “മിസ്റ്റര്‍ ചാൻസലര്‍ യു ആര് നോട്ട് വെൽക്കം, സംഘി ചാൻസലര്‍ വാപസ് ജാവോ’ എന്നിങ്ങനെയും എഴുതിയിട്ടുണ്ട്.
എസ്എഫ്ഐ യൂണിവേഴ്സിറ്റി കാമ്പസ് കമ്മിറ്റിയുടെ പേരിൽ വ്യാപകമായി പോസ്റ്ററുകളും പതിച്ചു. “ചാൻസലർ കാന്പസിന് അകത്ത് സവർക്കർ കാന്പസിനു പുറത്ത്, ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട, സര്‍വകാലശാലകള്‍ ആരുടെയും തറവാട്ടുസ്വത്തല്ല, ചാന്‍സലര്‍ രാജാവോ അതോ ആര്‍എസ്എസ് നേതാവോ’ തുടങ്ങിയ വാക്കുകളാണ് പോസ്റ്ററുകളിൽ. ഗവര്‍ണര്‍ക്കെതിരേ സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.
അതേസമയം ഗവര്‍ണര്‍ക്ക് സ്വാഗതമോതിയുള്ള കമാനവും ഉയര്‍ന്നിട്ടുണ്ട്. കാന്പസിൽ തിങ്കളാഴ്ച നടക്കുന്ന സെമിനാറിന്റെ സംഘാടകരാണ് ഇതു സ്ഥാപിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണറുടെ സഞ്ചാരപാതയില്‍ കനത്ത സുരക്ഷയാണു പോലീസ് ഒരുക്കിയിരിക്കുന്നത്.
എസ്ഐഫ്ഐ പ്രതിഷേധത്തെ പോലീസ് എങ്ങിനെ നേരിടുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. തനിക്ക് സുരക്ഷ ഒരുക്കണമെന്ന കത്ത് ഗവര്‍ണര്‍ ഡിജിപിക്ക് നല്കിയതിനാല് പോലീസിനു പിന്നാക്കം പോകാന്‍ പറ്റില്ല.
ഗവര്‍ണറുടെ സുരക്ഷയ്ക്ക് 300 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്കും ആറു സിഐമാര്‍ക്കുമാണ് പ്രധാന ചുമതല.
അഗ്നിശമന സേനയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സേവനവും ലഭ്യമാക്കും. സര്‍വകലാശാല കാമ്പസിലെ വിഐപി ഗസ്റ്റ് ഹൗസായ കാഡമം ഒന്നാം നമ്പര്‍ മുറിയിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ താമസിക്കുക.
കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള തീരുമാനം മാറ്റിയാണ് ഗവര്‍ണര്‍ യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള തീരുമാനമെടുത്തത്.
കാലിക്കറ്റ്, കേരള സര്‍വകലാശാല സെനറ്റുകളിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരേയാണ് എസ്എഫ്ഐ പ്രതിഷേധം. ഗവർണർ കാമ്പസിലുള്ളപ്പോൾ എസ്എഫ്ഐ മാര്‍ച്ചു നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച വിവരം.
സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന സനാതന ധര്‍മ പീഠത്തിന്റെ സെമിനാറിനിടയിലും പ്രതിഷേധത്തിനുള്ള സാധ്യത പോലീസ് കാണുന്നുണ്ട്. ഗവര്‍ണറെ ഞെട്ടിക്കുന്ന വിധത്തിലുള്ള പ്രതിഷേധത്തിനാണ് എസ്എഫ്ഐ ഒരുങ്ങുന്നതെന്ന വാര്‍ത്തയുമുണ്ട്.
ഡല്‍ഹിയില്‍നിന്നാണു ഗവര്‍ണര്‍ കോഴിക്കോട്ടേക്കു വരുന്നത്. ഇന്ന് വൈകിട്ട് ആറരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. രാത്രി യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന അദ്ദേഹം നാളെ രാവിലെ എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളുടെ മകന് ഡോ. സയിദ് ഷഹീന് അലി ശിഹാബിന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കും.
നാളെ രാത്രിയും യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍തന്നെ താമസിക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് യൂണിവേഴ്സിറ്റിയില്‍ സനാതനധര്‍മ ചെയറും ഭാരതീയ വിചാര കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ സംബന്ധിക്കും. രാത്രി ഗവര്‍ണര്‍ മടങ്ങും.