തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് പരിശോധന നടത്താന്‍ അവസരം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്.
ഫെഡറല്‍ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്കുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേല്‍ മുന്‍പ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്.
അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടേയും മോദി ഭരണത്തിന്റെയും ചട്ടുകമായി മാറി.
ഗവർണറെ ഉപയോഗിച്ച് ജനകീയ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ് ബിജെപി. വളഞ്ഞ വഴിയിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടല്ലെന്ന ഗവർണറുടെ ശാഠ്യമെന്നും കോടിയേരി ആരോപിച്ചു.
രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്നത്.
കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ്. ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്.
മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ മാറിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.