കൊല്ലം: നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. അന്പതിൽപരം എസ്എഫ്ഐ പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്.
പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ തൊട്ടരികിൽ വരെ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. തുടർന്ന് സമീപത്തെ കടയിൽ കയറി വെള്ളം കുടിക്കുകയും ചെയ്തു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസാണെന്നും കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും ഗവർണർ നിലപാടെടുത്തു. കരിങ്കൊടി പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പോലീസിനോടു ചോദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്താനും ഗവർണർ ആവശ്യപ്പെട്ടു.
അതേസമയം, പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 12 എസ്എഫഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കിയതായി പോലീസ് അറിയിച്ചു.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. എസ്എഫ്ഐ പ്രവർത്തകർ കൊല്ലം നിലമേലിൽ ഗവർണർക്കെതിരേ പ്രതിഷേധിക്കാൻ നേരത്തേതന്നെ നിലയുറപ്പിച്ചിരുന്നു.