കോട്ടയം: പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ദീപികയിൽനിന്നാണ് താൻ പഠിച്ചതെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ഗവർണറായി ചുമതലയേറ്റ ശേഷം ഇന്നലെ രാവിലെ രാഷ്ട്ര ദീപികയുടെ കോട്ടയം കേന്ദ്ര ഓഫീസിൽ എത്തിയപ്പോൾ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു കുമ്മനം രാജശേഖരൻ.
ദീപികയുടെ മുൻകാല എഡിറ്റർ ആയിരുന്ന വല്യമ്മാവനുമായി (കുമ്മനം ഗോവിന്ദപ്പിള്ള) മാനേജിംഗ് എഡിറ്ററായിരുന്ന ഫാ.കൊളംബിയർക്കുണ്ടായിരുന്ന ആത്മബന്ധമാണ് ദീപികയിലെത്താനുള്ള കാരണം. ഫാ.കൊളംബിയർ തന്ന പേന ഉപയോഗിച്ചാണ് വാർത്തകൾ എഴുതി പഠിച്ചത്.
ദീപികയിൽനിന്നു ലഭിച്ച പ്രോത്സാഹനവും പിന്തുണയും തൊഴിൽപരമായി ലഭിച്ച അറിവും ജീവിതയാത്രയിൽ എപ്പോഴും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10.30ന് രാഷ്ട്രദീപിക കേന്ദ്ര ഓഫീസിലെത്തിയ കുമ്മനം രാജശേഖരനെ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, മുനിസിപ്പൽ കൗണ്‍സിലർ ഹരികുമാർ കോയിക്കൽ, ദീപിക സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.