ജിജി ലൂക്കോസ്
തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ വർധിക്കുന്നതു ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതോടെ സർക്കാർ കുരുക്കിലായി. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽനിന്ന് രക്ഷപ്പെടാൻ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ.
നിയമന കാര്യങ്ങളിൽ സർക്കാർ സമ്മർദ്ദം ചെലുത്തില്ലെന്നാണ് സർക്കാർ പറയുന്നത്. ഇക്കാര്യം വിശദീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചീഫ് സെക്രട്ടറി വി.പി. ജോയിയും രാജ്ഭവനിലെത്തി ചർച്ച നടത്തിയെങ്കിലും ഗവർണർ അനുനയത്തിനു വഴങ്ങാൻ തയാറായിട്ടില്ല.
സർവകലാശാല ചാൻസലർ സ്ഥാനം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കട്ടെയെന്ന നിലപാട് തന്നെ ഗവർണർ ആവർത്തിച്ചതായാണ് സൂചന. അതേസമയം, ഈ വിഷയത്തിൽ ഗവർണറെ അനുകൂലിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
കണ്ണൂർ, കാലടി സർവകലാശാലകളിലെ വിസി നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
വിസി നിയമനങ്ങൾ മുതൽ അധ്യാപക നിയമനങ്ങൾ വരെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ താത്പര്യങ്ങൾക്കായി സർക്കാർ മുന്നിട്ടിറങ്ങുന്നതും നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തുന്നതുമായ സംഭവങ്ങൾ ഗവർണർ അക്കമിട്ടു നിരത്തുന്നു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു തന്നെ മാറ്റി മുഖ്യമന്ത്രി തന്നെ ആ സ്ഥാനം ഏറ്റെടുക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാമെന്നും അതിൽ താൻ ഒപ്പിട്ടു നൽകാമെന്നും ഗവർണർ പറയുന്നു.
വിഷയത്തിൽ ഗവർണറെ പിന്തുണച്ച് രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, സർവകലാശാലയിലെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നു പ്രതികരിച്ചു. അത് ഭരണഘടനാ പരമാണ്. ഗവർണർക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുമെന്നും സുധാകരൻ വ്യക്തമാക്കി.
ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ പ്രതികരണത്തിനു സർക്കാർ ഇതുവരെ തയാറായിട്ടില്ല.
സർവകലാശാലകളുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രി പറഞ്ഞത്. അതിനിടെയാണ് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ സന്ദർശിച്ച് അനുനയ നീക്കങ്ങൾ നടത്തിയത്.
ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ടു ചർച്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്.
ഉത്തരവിൽ ഒപ്പിട്ട ഗവർണർ തന്നെമറുപടി പറയട്ടെ: കണ്ണൂർ വി സി
കണ്ണൂർ: തന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉത്തരവിൽ ഉപ്പിട്ട ഗവർണർ തന്നെ മറുപടി പറയട്ടെയെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ.
വിസിയുടെ പുനർനിയമനത്തിന് നടപടിക്രമം പാലിച്ചില്ലെന്നും അറുപത് വയസ് കഴിഞ്ഞവർക്ക് വിസിയായി പുനർനിയമനം നൽകാനാവില്ലെന്ന ഗവർണറുടെ പ്രതികരണത്തോട് പ്രതികരിക്കുകയായികുന്നു അദ്ദേഹം.
തന്നെ വീണ്ടും നിയമിച്ചത് ഗവർണറാണ്. ഗവർണർ ഒപ്പിട്ടാണ് നിയമനം നടന്നത്. താൻ മുഖമന്ത്രിയുമല്ല, ഗവർണറുമല്ല. തന്റെ നിയമന കാര്യത്തെക്കുറിച്ച് ഗവർണറാണ് മറുപടി പറയേണ്ടത്. കോടതിയുടെ പരിഗണനയിൽ ഉള്ളതു കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.