തിരുവനന്തപുരം: കർഷക സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനായി വിളിച്ചു ചേർക്കാൻ നിശ്ചയിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചത് സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് കളമൊരുക്കുന്നു.
ഗവർണറുടെ നിലപാടിനെ മുൻനിർത്തി കേന്ദ്രസർക്കാരിനെതിരെയുള്ള പോരിന് എൽഡിഎഫിനൊപ്പം യുഡിഎഫും അണിചേരുന്നു.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ മറ്റ് മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. കൂടാതെ പ്രതിപക്ഷ എംഎൽഎമാരും നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിക്കും. കേന്ദ്രസർക്കാർ നിയമത്തിനെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ യോഗം വിളിച്ച് പ്രമേയം പാസാക്കണമെന്നും ആവശ്യമുണ്ട്.
ഫലത്തിൽ നിയമത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിൽ പരസ്യ പ്രതിഷേധത്തിനിറങ്ങുകയാണ്. മാത്രമല്ല ഇക്കാര്യത്തിൽ കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗവും ഇന്ന് ചേരുന്നുണ്ട്.
നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് സർക്കാരിന് ക്ഷീണമായെങ്കിലും ഗവർണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.
ഗവർണറുടെ തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടാകാമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമ്മർദ്ദങ്ങൾക്കു വഴങ്ങിയാകാം ഗവർണർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വി.എസ് സുനിൽ കുമാർ പറഞ്ഞു.
ഗവർണർക്ക് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വി.എസ് സുനിൽ കുമാർ പറഞ്ഞിരുന്നു. കേന്ദ്രം ഗവർണറെ ഉപയോഗിച്ച് വീണ്ടും രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഇടതുമുന്നണി ശക്തമാക്കും. കർശക സമരവേദിയിൽത്തന്നെ പ്രതിഷേധങ്ങൾക്ക് തുടക്കമിടാനാണ് ഭരണപക്ഷ തീരുമാനം.