തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. ”ഹാ! വരും വരും നൂനമാദിനമെന് നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും” എന്ന ജി. ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്.
ഇതോടൊപ്പം കേരളത്തെ വിമർശിക്കുകയും ചെയ്തു. കേരളം ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. ബാഹ്യ ഇടപെടലുകളില്ലാത്ത സ്വതന്ത്ര സ്ഥാപനങ്ങൾ കേരളത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
പ്രസംഗശേഷം ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തുവന്ന് ഇരുന്നെങ്കിലും രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകുന്നേരം ആറിനാണ് വിരുന്ന്.