ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്കെതിരായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
വിദ്യാര്‍ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. ആസൂത്രിതമായ പ്രതിഷേധമാണ് തനിക്കെതിരേ ഉണ്ടായത്. പ്രതിഷേധം കണ്ട് താന്‍ വാഹനത്തില്‍ ഇരിക്കണമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
മൂന്നിടത്താണ് തനിക്കെതിരേ പ്രതിഷേധമുണ്ടായത്. വാഹനത്തിന്റെ ഗ്ലാസ് പൊട്ടുന്ന തരത്തിലാണ് അക്രമികള്‍ കാറില്‍ ഇടിച്ചത്. ഇവരെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
പോലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നത്. അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ല. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിൽ നിന്നു വിമാനത്താവളത്തിലേക്ക് പോയപ്പോഴാണ് ഗവർണർക്കെതിരേ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഇതോടെ കാർ റോഡിൽ നിർത്തി ഗവർണർ പുറത്തിറങ്ങി ക്ഷുഭിതനായിരുന്നു
അതേസമയം ഗവർണറിനു എതിരായ പ്രതിഷേധത്തില്‍ പോലീസിന് എസ്എഫ്ഐ പ്രവര്‍ത്തകരോട് ചായ്വ്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്ഐക്കാർക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. എസ്എഫ്ഐക്കാർ വാഹനം തടഞ്ഞു എന്ന് മാത്രമാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ പ്രതിഷേധക്കാർ ഗവർണറുടെ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. 356 പ്രകാരം 12 എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. എന്നാല്‍, പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമകുറ്റമാണ് പോലീസ് ചുമത്തിയത്.
വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനത്തില്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.
അതേസമയം, ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന് ആരോപിച്ചു. ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് രാജ്ഭവന്. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ എന്താണ് പോലീസിന്റെ നടപടിയെന്ന് പരിശോധിച്ച ശേഷം രാജ്ഭവന് ഇടപെടുമെന്ന് രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു.