തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് വിധി പറയുക. സിആർപിസി 124 വകുപ്പ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഗവർണറെ തടഞ്ഞതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പ്രവർത്തകരുടെയും ജാമ്യാപേക്ഷയിൽ വാദം കേൾക്കവേ പ്രോസിക്യൂഷനും കടകവിരുദ്ധമായ നിലപാടു സ്വീകരിച്ചിരുന്നു.
ഐപിസി 124 നിയമപരമായി വ്യാഖ്യാനിച്ചാൽ ഭാവിയിൽ ചെയ്യാനിരിക്കുന്ന ഗവർണറുടെ നിയമ പരമായ കർത്തവ്യങ്ങൾ തടയാനായുള്ള ഉദ്ദേശ്യത്തോടെ തടഞ്ഞാലേ കുറ്റം നിലനിൽക്കൂവെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഇവിടെ ഗവർണർ സർവകലാശാലയിൽ നോമിനേഷൻ നടത്തിയത് കഴിഞ്ഞു പോയ നടപടി ആണ്. ചെയ്യാനിരിക്കുന്ന നടപടിയിൽ തടസം വരുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറ്റം ചെയ്താലേ ഐപിസി 124 നിലനിൽക്കുകയുള്ളുവെന്ന സംശയം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലംന്പള്ളി മനു കോടതിയെ അറിയിച്ചു.
പ്രതിഷേധത്തിൽ ഗവർണറുടെ വാഹനത്തിന് കേടുപാടു സംഭവിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. ഈ സാഹചര്യത്തിൽ പൊതുമുതൽ നശിപ്പിച്ച കുറ്റം നിലനിൽക്കുമെന്നും ജാമ്യം നൽകരുതെന്ന വാദവും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ചത്.