ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നൽകാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ആറംഗ ബെഞ്ച് ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനപരിശോധന ഹർജി നേരത്തേ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. ഇതിന് ശേഷമാണ് സർക്കാർ തിരുത്തൽ ഹർജിയുമായി കോടതിയെ വീണ്ടും സമീപിച്ചത്.
പുനപരിശോധന ഹർജി പരിഗണിച്ച വേളയിൽ വധശിക്ഷ റദ്ദാക്കിയ വിധിയെ വിമർശിച്ച ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ കോടതി വിളിച്ചുവരുത്തിയിരുന്നു. കട്ജുവിനോട് വിശദീകരണം ആരാഞ്ഞ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾക്കിടെ സർക്കാരിന്‍റെ വാദം കണക്കിലെടുക്കാതെയാണ് പുനപരിശോധന ഹർജി തള്ളിയതെന്നായിരുന്നു തിരുത്തൽ ഹർജിയിലെ സർക്കാരിന്‍റെ വാദം. ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല.
ഗോവിന്ദചാമി ചത്ത് കണ്ടാൽ മതി: ജിഷയുടെ അമ്മ സുമതി
തൃശൂർ: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയ സുപ്രീംകോടതി വിധിയിൽ ദുഖം രേഖപ്പെടുത്തി സൗമ്യയുടെ അമ്മ സുമതി. കോടതി വിധിയിൽ ദുഃഖമുണ്ടെന്നും ഗോവിന്ദചാമി ചത്ത് കണ്ടാൽ മതിയെന്നും അവർ മാധ്യമങ്ങളോടു പ്രതികരിച്ചു.
കോടതി വിധിയിൽ ദുഃഖമുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാൽ മതി- സുമതി പറഞ്ഞു.
ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ച് ഗോവിന്ദച്ചാമിയുടെ വധശിക്ഷാ തിരുത്തൽ ഹർജി തള്ളിയതോടെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നൽകാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ആറംഗ ബെഞ്ച് ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജി നേരത്തേ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. ഇതിന് ശേഷമാണ് സർക്കാർ തിരുത്തൽ ഹർജിയുമായി കോടതിയെ വീണ്ടും സമീപിച്ചത്.