സൗമ്യ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡിജിപിക്ക് നിവേദനം. തീവണ്ടിയാത്രക്കിടയില്‍ സൗമ്യയെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിടുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തതിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടത്. 2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെയാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. എറണാകുളത്തു നിന്നും ഷൊര്‍ണൂര്‍ക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.
തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. സുപ്രീംകോടതി ഇത് ജീവപര്യന്തമായി കുറച്ചു.
നിലവില്കണ്ണൂര് സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി കഴിയുന്നത്. ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ വേണമെന്ന് ജയില്‍ ഡിജിപിക്ക് നല്കിയ നിവേദനത്തിലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബീഡിവലിക്കുന്ന ശീലമുണ്ട്. ബീഡികിട്ടാതെ ജയിലില്‍ വലിയ പ്രയാസമനുഭവിക്കുകയാണ്. ജയില്‍ കാന്റീനില്‍നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ഈ ആവശ്യങ്ങള്‍ രേഖാമൂലം ഉന്നയിച്ചത്.