കിഴക്കന്പലം: പ്രതാപ കാലത്ത് ഏക്കർ കണക്കിനു ഭൂമിയുണ്ടായിരുന്ന കിഴക്കന്പലം പഴങ്ങനാട് ചിറമല ഇല്ലത്തെ ഗോവിന്ദൻ വാസുദേവൻ ഇളയത്, ഇന്ന് ആരോരും തുണയില്ലാതെ പട്ടിണിയും പരിവട്ടവുമായി രോഗ ശയ്യയിൽ. ഓടുമേഞ്ഞ ഒറ്റമുറി വീട്ടിൽ പര സഹായമില്ലാതെ എഴുന്നേല്ക്കാൻ പോലും ആവതില്ലാതെ കിടപ്പിലായ ഇദ്ദേഹത്തെ ബന്ധുക്കളും കൈയൊഴിഞ്ഞു. 83കാരനായ ഇദ്ദേഹം കടുത്ത ഹൃദ്രോഗവും വൃക്ക സംബന്ധമായ അസുഖവും മൂലമാണ് കിടപ്പിലായത്.
ഏതാനും നാളുകൾക്കുമുന്പ് ഭാര്യ മരിച്ചു. ഇദ്ദേഹത്തിന് മക്കളില്ല. കുടുംബക്ഷേത്രമായ പഴങ്ങനാട് ചിറമല ഭഗവതി ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന വാസുദേവൻ ഇളയത് ഇവിടെനിന്നു ലഭിക്കുന്ന സംഭാവനകൾകൊണ്ടാണ് ഇക്കാലമത്രയും ജീവിച്ചത്. ഇതിനിടെ, സ്വന്തം പേരിലുണ്ടായിരുന്ന ഏക്കർ കണക്കിനു ഭൂമി, ദാനം നല്കിയും പാൽ വാങ്ങിയ ഇനത്തിൽ പതിച്ചു നല്കിയും ഇല്ലാതാക്കി. സാധുവായ ഇദ്ദേഹത്തെ പലരും ചേർന്ന് പറ്റിച്ചതായും പഴമക്കാർ പറയുന്നു.
സ്വന്തം പേരിലുള്ള കുടുംബ ക്ഷേത്രം സ്ഥിതി ചെയ്യുന്ന 56 സെന്റ് സ്ഥലം മാത്രമാണ് അവസാനം ഇദ്ദേഹത്തിന്റെ കൈവശത്തിലുണ്ടായിരുന്നത്. അസുഖം മൂലം പൂജാവിധികൾ നിർവഹിക്കാൻ ഇദ്ദേഹത്തിന് കഴിയാതെയായതോടെ ക്ഷേത്രത്തിൽ എത്തിയിരുന്ന സമീപ വാസികൾ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര സംരക്ഷണം ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്ന്, ആകെയുള്ള സ്ഥലം ഇദ്ദേഹം ട്രസ്റ്റിന് കൈമാറി.
കിടപ്പിലായതോടെ ഇദ്ദേഹത്തിനുള്ള ചികിത്സകൾ ആദ്യ ഘട്ടത്തിൽ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തിയിരുന്നു. എന്നാൽ, ക്ഷേത്രത്തിൽനിന്നും ഭൂമിയിൽനിന്നും പറയത്തക്ക വരുമാനം ഇല്ലാത്തതിനാൽ തങ്ങൾ എന്തു ചെയ്യുമെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ ചോദിക്കുന്നത്. ഇതിനിടയിൽ തങ്ങൾക്കെതിരേ വാസുദേവൻ ഇളയതിന്റെ ബന്ധുക്കളിൽ ആരോ അധികൃതർക്ക് പരാതി നല്കിയതായും ഇവർ പറയുന്നു.
ആവശ്യത്തിന് മരുന്നും ഭക്ഷണവും ലഭിക്കാതെ, ശുശ്രൂഷിക്കാൻ ആരുമില്ലാതെ നരകജീവിതമാണ് ഇദ്ദേഹം ഇപ്പോൾ നയിക്കുന്നത്. ഒരു കാലത്ത് പ്രതാപ, ഐശ്വര്യങ്ങളോടെ വാണിരുന്ന ഗോവിന്ദൻ വാസുദേവൻ ഇളയത് കാലത്തിന്റെ കനിവിനായി ഇന്ന് യാചിക്കുകയാണ്.