കണ്ണൂർ: ശബരിമലയിലെ അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകുന്നത് കണ്ണൂരിലെ കൊടുംക്രിമിനലുകളായ ആർഎസ്എസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ. ഇന്നത്തെ സംഭവത്തോടെ ഇക്കാര്യം പൂർണമായും വ്യക്തമായിരിക്കുകയാണെന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ പത്തിനും അന്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ്. എന്നാൽ പന്ത്രണ്ടുവർഷത്തിനിടയിൽ ഈ ആശയം സംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ല. എന്നാൽ സെപ്റ്റംബർ 28ന് കോടതിവിധി വന്ന ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന് ഒരു യുവതിയെയും ശബരിമലയിൽ കയറ്റണമെന്ന് നിർബന്ധമില്ലെന്നും ചിലർ പാർട്ടിക്ക് ഇത്തരത്തിൽ അജണ്ടയുണ്ടെന്ന് തെറ്റിദ്ധാരണ പരത്തുകയാണ്. കോടതിവിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുള്ളതുകൊണ്ട് മാത്രമാണ് സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.