എടത്വ: ജനകീയ പ്രതിരോധ യാത്ര വരുന്നെന്ന പേരിൽ എടത്വായിൽ പാടത്തെ കൊയ്ത്ത് സിപിഎം പ്രാദേശിക നേതാക്കൾ നിർത്തിവയ്പിച്ചതായി പരാതി.
എടത്വ കൃഷിഭവൻ പരിധിയിൽപ്പെട്ട ചങ്ങങ്കരി കണിയാംകടവ് പാടത്തെ കൊയ്ത്താണ് നിർത്തിവയ്പിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു കൊയ്ത്ത് ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിർത്തിവയ്ക്കാൻ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നലെ കുട്ടനാട്ടിൽ സ്വീകരണം വച്ചിരുന്നു.
യാത്രയ്ക്കു ജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടു നിർബന്ധിത തൊഴിൽ തടസം ഉണ്ടാക്കിയെന്നാണ് പരാതി.
ഏഴ് യന്ത്രം ഇറക്കി കൊയ്ത്ത് തുടങ്ങിയ കണിയാംകടവ് പാടത്തു ചില കർഷകരുടെ കൊയ്ത്ത് പകുതി എത്തിയപ്പോഴാണ് നിർത്തി വയ്ക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. ചില പാടങ്ങളിൽ നെല്ലെടുപ്പും മുടങ്ങി.