പാലക്കാട്: ഗോവിന്ദാപുരം അബേദ്കർ കോളനിയിൽ ചക്കിലിയ വിഭാഗത്തിൽപെട്ടവർ ജാതീയ വേർതിരിവോ അയിത്തമോ അഭിമുഖീകരിക്കുന്നില്ലെന്നു ജില്ലാകളക്ടറുടെ റിപ്പോർട്ട്. ഇന്നലെ പാലക്കാട് നടന്ന മനുഷ്യാവകാശ കമ്മിഷൻ തെളിവെടുപ്പിലാണ് ഇത്തരം റിപ്പോർട്ട് നൽകിയിട്ടുള്ളത്. സിറ്റിംഗിൽ ഹാജരായ ജില്ലാ പോലീസ് മേധാവിയും ഈ റിപ്പോർട്ട് ശരിവച്ചു.
ഇതിനു പിന്നിൽ ചില രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളുമാണെന്നും പരാമർശിച്ചിട്ടുണ്ട്. ചക്കിലിയ വിഭാഗത്തിൽപെട്ട പെണ്കുട്ടിയെ ഈഴവ സമുദായത്തിൽപെട്ട യുവാവ് പ്രേമിച്ചു വിവാഹം നടന്നതിലുള്ള വിദ്വേഷമാണ് ചക്കിലിയ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ആലത്തൂർ ഡിവൈഎസ്പിയും കമ്മീഷൻ മുന്പാകെ റിപ്പോർട്ട് നൽകി.
ചക്കിലിയ സമുദായം ഇപ്പോൾ ജാതിവിവേചനം നേരിടുന്നില്ല. ചായക്കടകളിൽ ഇരട്ടഗ്ലാസില്ല. കുട്ടികൾക്കു ചായ നല്കുന്പോൾ ഗ്ലാസ് താഴെവീണ് പൊട്ടാതിരിക്കാനാണ് സ്റ്റീൽ ഗ്ലാസിൽ ചായ നൽകിവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാർബർ ഷോപ്പ്, പലചരക്കുകട എന്നിവിടങ്ങളിൽ വേർതിരിവ് കാണുന്നില്ലെന്നും അധികൃതർ നല്കിയ റിപ്പോർട്ടിലുണ്ട്.
കോളനിയിൽ നാലു വാട്ടർ ടാങ്കുകൾ സ്ഥാപിച്ചതിൽനിന്ന് എല്ലാ വിഭാഗത്തിലുള്ളവരും വെള്ളമെടുക്കുന്നുണ്ട്.
മൂന്നു ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗക്കാരും തൊഴാൻ എത്തുന്നുണ്ട്. എവിടെയും വിവേചനമൊന്നുമില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം നിലവിലെ പ്രശ്നങ്ങൾക്കു കാരണം അയിത്തവും ജാതിവിവേചനവുമല്ല. ചില വ്യക്തികളുടെ രാഷട്രീയ പ്രേരിതമായ നിക്ഷിപ്ത താത്പര്യങ്ങളാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കളക്ടറോടു റിപ്പോർട്ട് തേടിയത്. എന്നാൽ കേരള പട്ടികജാതി പട്ടികവർഗ കമ്മീഷനും കേന്ദ്ര പട്ടികജാതി വർഗ കമ്മീഷനും അംബേദ്കർ കോളനിയിൽ അയിത്തം ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നതായി പറഞ്ഞിട്ടുണ്ട്.