കടുത്തുരുത്തി: സുരക്ഷിതമായ നടപ്പ് വഴിക്കായി പഞ്ചായത്ത് അധികൃതരുടെ കനിവ് തേടി ഹരിജൻ സെറ്റിൽമെന്റ് കോളനി നിവാസികൾ. ഒരാൾക്ക് മാത്രം കടന്നു പോകാവുന്ന ഇടുങ്ങിയ തൊണ്ടിലൂടെയാണ് കടുത്തുരുത്തി പഞ്ചായത്ത് ഗോവിന്ദപുരം ഹരിജൻ കോളനിയിലെ പതിനൊന്ന് കുടുംബങ്ങൾ പതിറ്റാണ്ടുകളായി കടന്നുപോകുന്നത്. കോളനിയിലേക്കുള്ള ഏക വഴിയാണിത്. വെട്ടവും വെളിച്ചവുമില്ലാത്ത പരിസരം കാട് മൂടിയ വഴിയിലൂടെയുള്ള സഞ്ചാരം അപകട ഭീഷണി ഉയർത്തുന്നതാണ്. അടുത്തിടെ രാത്രിയിൽ തൊണ്ടിലൂടെ വീട്ടിലേക്കു പോകുന്പോൾ കോളനിവാസിക്ക് പാന്പിന്റെ കടിയേറ്റിരുന്നു.
മന:സാന്നിദ്ധ്യം കൈവിടാതെ ഇയാൾ വിളിച്ചുകൂവി കോളിനിവാസികളെ വിവരമറിയിച്ചതിനാൽ സമയത്ത് ആശുപത്രിയിലെത്തിച്ചു ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. തൊണ്ടിലെ പൊത്തുകൾ പാന്പുകൾ താവളമാക്കിയിരിക്കുന്നതിനാൽ ഭയന്നാണ് കുട്ടികൾ ഉൾപെടെയുള്ള കോളനിവാസികൾ ഇതിലെ കടന്നുപോകുന്നത്. അളന്ന് തിരിച്ച മൂന്നടി മാത്രമുള്ള നടപ്പാതയിലൂടെയാണ് കോളനിവാസികളുടെ സഞ്ചാരം. സമീപത്തെ പറന്പിന്റെ അതിര് കരിങ്കൽ കെട്ടി തിരിച്ചതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമായെന്ന് കോളനിവാസികൾ പറയുന്നു.
പ്രായമായവരുൾപെടെ എട്ട് രോഗികളാണ് ഇവിടത്തെ പതിനൊന്ന് കുടുംബങ്ങളിലായുള്ളത്. പലപ്പോഴും ഇവരിലാരെയെങ്കിലും ആശുപത്രിയിലെത്തിക്കണം. ഇത്തരം സന്ദർഭങ്ങളിൽ രോഗികളെ എടുത്തുകൊണ്ടാണ് പലപ്പോഴും വഴിയിലെത്തിച്ചു വാഹനത്തിൽ കേറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതെന്ന് കോളനിവാസികൾ പറയുന്നു. നാളുകൾക്ക് മുന്പ് കോളിനിവാസികൾ പണം മുടക്കി തൊണ്ട് മണ്ണിട്ട് സഞ്ചാരയോഗ്യമാക്കിയിരുന്നു.
എന്നാൽ ശക്തമായ മഴയിൽ ഇതെല്ലാം ഒലിച്ചു പോയതോടെ തൊണ്ടിൽ കല്ലും കുഴിയുമെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇവിടത്തുകാർ തന്നെ പണം ചെലവഴിച്ചു കുറച്ച് ഭാഗം കോണ്ക്രീറ്റ് ചെയ്തിട്ടുണ്ട്. റോഡ് നന്നാക്കി തരണമെന്ന ആവശ്യവുമായി പലതവണ അധികാരികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവിടത്തുകാർ പറയുന്നു.
ഗ്രാമസഭയിൽ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി റോഡ് സഞ്ചായരയോഗ്യമാക്കി തരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലും നടപടികൾ നീളുകയാണെന്ന് കോളനിവാസികൾ പറയുന്നു. ഇവിടെയുള്ളവർക്ക് വീട് നിർമാണമോ, അറ്റകുറ്റപ്പണികളോ നടത്തണമെങ്കിൽ സാധനസാമഗ്രികൾക്ക് നൽകുന്നതിനെക്കാൾ തുക ചുമട്ട് കൂലിയിനത്തിൽ ചെലവാകും. കോണ്ക്രീറ്റ് ചെയ്തു കോളനിയിലേക്കുള്ള നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാണ് അധികൃതരോടുള്ള ഇവിടത്തുകാരുടെ ആവശ്യം.