ജയിംസ് കാമറൂണ്‍ ചിത്രം അവതാറിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചിരുന്നുവെന്നും, സിനിമയുടെ പേര് സംവിധായകന് നിർദ്ദേശിച്ചത് താനാണെന്നും ഗോവിന്ദ പറഞ്ഞത് ഏറെ വാർത്ത പ്രാധ്യാന്യം നേടിയിരുന്നു. എങ്കിലിപ്പോൾ ഗോവിന്ദയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്.
ഗോവിന്ദയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന് കൗണ്‍സലിംഗ് അത്യാവശ്യമാണെന്നും സുഹൃത്ത് വ്യക്തമാക്കി. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
“ഇത്തരത്തിൽ ഗോവിന്ദ പെരുമാറാൻ തുടങ്ങിയിട്ട് നാളുകളായി. വലിയ പ്രൊജക്ടുകൾ വേണ്ടന്നു വെച്ചു എന്ന് അവകാശപ്പെടുന്നത് ഗോവിന്ദ ശീലമാക്കിയിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാന ചിത്രം രംഗീല ഏറ്റെടുക്കുവാൻ വിതരണക്കാർ എത്തിയില്ല. അവരോടെല്ലാം വഴക്കിടുകയും ചീത്ത വിളിക്കുകയുമാണ്’.
“നാല് പതിറ്റാണ്ടുകളായി എനിക്ക് ഗോവിന്ദയുമായി ബന്ധമുണ്ട്. എന്നാൽ ചതിച്ചു എന്ന് ആരോപിച്ച് അടുത്തിടെ എന്നോടും വഴക്കിട്ടു. ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. സിനിമ മേഖലയിൽ അദ്ദേഹത്തെ സഹായിക്കുവാൻ ആരുമില്ല’.
ഗോവിന്ദ അവതാറിനെക്കുറിച്ച് പറഞ്ഞപ്പോൾ മുതൽ അദ്ദേഹത്തെ കുറിച്ചുള്ള ട്രോളുകൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളരെയധികം വിഷമിക്കുന്നുണ്ട്. സുഹൃത്ത് പറഞ്ഞു.