ശരീരത്തിന് എത്രയധികം ആരോഗ്യമുണ്ടായാലും മനസിന് വേണ്ടത്ര കരുത്തില്ലെങ്കില്‍ ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. നേരെതിരിച്ച് ശരീരത്തിന് ആരോഗ്യമില്ലെങ്കിലും മനക്കരുത്ത് വേണ്ടത്ര ഉണ്ടെങ്കില്‍ ഏത് ജീവിതാവസ്ഥകളെയും നേരിടുകയും അതിനോട് പോരാടുകയും ചെയ്യാം.
സമാനമായ രീതിയില്‍ ശരീരം തന്നോട് ക്രൂരത കാട്ടിയെങ്കിലും മനക്കരുത്തുകൊണ്ട് പ്രതികൂല ജീവിതാവസ്ഥകളെ നേരിടുകയാണ് പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി നരിയംപറമ്പ് ഗോവിന്ദന്‍ കുട്ടിയെന്ന അമ്പത്തിമൂന്നുകാരന്‍.
വലതുകൈ നഷ്ടമായപ്പോള്‍, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഗോവിന്ദന്‍കുട്ടി ആകുലപ്പെട്ടില്ല. പകരം ഇച്ഛാശക്തി കൊണ്ട് തന്റെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുകയാണ് പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി നരിയംപറമ്പ് ഗോവിന്ദന്‍ കുട്ടി.
ജീവിതാവസ്ഥകളോട് തോറ്റ് പിന്മാറുന്നവര്‍ക്കല്ല, ധൈര്യത്തോടെ നേരിടുന്നവര്‍ക്കാണ് ജീവിതമെന്ന സത്യമാണ് ഇദ്ദേഹം തന്റെ ജീവിതത്തിലൂടെ പ്രഘോഷിക്കുന്നത്.
ഒരു കൈകൊണ്ട് വിറകു വെട്ടി ഉപജീവനം നടത്തി ജീവിതം ആഘോഷമാക്കുന്നു, ഇദ്ദേഹം. മാത്രമല്ല തന്നേപോലുള്ള ഭിന്നഷേഷിക്കാര്‍ക്ക് ഇദ്ദേഹം പ്രചോദനമാണ്. 1999 മുതല്‍ 2015 വരെ തുടര്‍ച്ചയായി ലോക ഭിന്നശേഷി ദിനത്തില്‍ നടത്തുന്ന ജില്ലാ കായിക മേളയില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനക്കാരന്‍ ഗോവിന്ദന്‍കുട്ടിയായിരുന്നു. പിന്നീട് മത്സര രംഗത്തുനിന്നു മാറി.
ഗോവിന്ദന്‍കുട്ടി എന്ന മഹാനായ വ്യക്തി നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. 1996ല്‍ തിരുപ്പൂരിലുണ്ടായ ട്രെയിന്‍ അപകടത്തിലാണു വലതു കൈ നഷ്ടമായത്. രണ്ടു മാസത്തോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിവാസത്തിനിടെ കൈ മുറിച്ചുനീക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആദ്യം മനസ്സ് ഒന്നു പിടഞ്ഞു. ഡോക്ടറുടെ ഉപദേശങ്ങളൊന്നും സമാധാനം പകര്‍ന്നില്ല. ഒടുവില്‍ മനസ്സിനെ വശപ്പെടുത്തി പണിയെടുക്കാന്‍ തുടങ്ങി. 500 കിലോ വിറക് ഒരു ദിവസം വെട്ടിത്തീര്‍ക്കും. മൂന്നു സെന്റ് സ്ഥലത്തെ വീട്ടില്‍ തനിച്ചാണു താമസം. ഷോട്പുട്ടില്‍ സജീവമായിരുന്ന കാലത്തു പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു.