തൃശൂർ: വിദ്യാർഥികൾക്കു മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു ഗവ. എൻജിനീയറിംഗ് കോളജ് അടുത്ത വ്യാഴാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളും അടച്ചിടാനും അടുത്ത വ്യാഴാഴ്ചയേ ഇനി ക്ലാസുകൾ ഉണ്ടാകൂവെന്നു പ്രിൻസിപ്പൽ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണു കോളജിലെ വിദ്യാർഥികൾക്കു മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണം കണ്ടെത്തിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഇരുപതോളം പേർക്കാണു രോഗലക്ഷണങ്ങൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇവർ ചികിത്സതേടി. പിന്നീടു പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ നാലുപേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതുമൂലം രണ്ടുദിവസം ക്ലാസ് ഉണ്ടായിരുന്നില്ല.
ആരോഗ്യവിഭാഗം ജിവനക്കാരെത്തി ഹോസ്റ്റലിൽ താമസിക്കുന്ന, രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ രക്തസാന്പിളുകൾ കാക്കനാട് ലാബിലേക്കു പരിശോധനയ്ക്കായി അയച്ചു. ഇന്നലെയാണ് ഫലം ലഭിച്ചത്.
പരിശോധനയ്ക്കയച്ച നാലു സാന്പിളുകളിൽ മൂന്നിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണു പ്രിൻസിപ്പൽ കോളജിന് അവധി നൽകിയത്. കോളജ് അടച്ചിടാനുള്ള തീരുമാനത്തെ തുടർന്ന് മുഴുവൻ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളും ഇന്നുരാവിലെയോടെ വീടുകളിലേക്ക് മടങ്ങി.