അടുത്തെങ്ങാനും ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടോ! ഇല്ലെങ്കില്‍ ഒന്ന് പോയി നോക്കണം; വൈറലായി യുവാവിന്റെ കുറിപ്പ്

സര്‍ക്കാര്‍ ആശുപത്രി എന്ന് പറയുമ്പോഴേ, ആളുകള്‍ക്ക് പൊതുവേ ഒരു അകല്‍ച്ചയും പുശ്ചവുമാണ്. എന്നാല്‍ കാലം മാറിയതോടെ സര്‍ക്കാര്‍ ആശുപത്രിയും വിവിധ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു എന്ന് സ്വന്തം അനുഭവത്തിലൂടെ വിശദമാക്കുകയാണ് വിപിന്‍ എന്ന യുവാവ്. വിപിന്റെ സര്‍ക്കാര്‍ ആശുപത്രി അനുഭവങ്ങള്‍ ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ട്രെന്റുമാണ്.

വിപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

അടുത്തെങ്ങാനും സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുണ്ടോ..? കിടുക്കന്‍ മേക് ഓവറാണ് ഇപ്പൊ നാട്ടുമ്പുറത്തെ സര്‍ക്കാരാശുപത്രികള്‍ക്ക്.

മുമ്പൊക്കെ സര്‍ക്കാരാശൂത്രീല്‍ പോയാല്‍ കൗണ്ടറിനകത്തിരുന്ന് ഒരു കമ്പൗണ്ടര്‍ പേരും സ്ഥലവും വയസ്സുമൊക്കെ ചോദിച്ച് ഒരു തുണ്ടെഴുതിത്തരും. അതും കയ്യില്‍പ്പിടിച്ച് ഡോക്ടറുടെ റൂമിനുമുന്നില്‍ ക്യൂ നില്‍ക്കണം. ഊഴമെത്തുമ്പൊ ഡോക്ടര്‍ മുന്നിലൊന്നിരുത്തീന്ന് വരുത്തി രോഗവിവരം ചോദിച്ചൂന്ന് വരുത്തി സ്റ്റെതസ്‌കോപ്പൊക്കെ ഒന്ന് വച്ചൂന്ന് വരുത്തി ആര്‍ക്കും മനസ്സിലാവാത്ത ഏതോ ഗോത്ര ഭാഷയില്‍ നുമ്മടെ തുണ്ടില്‍ കുത്തിവരയ്ക്കും. അതും കൊണ്ട് ഫാര്‍മസീടെ മുന്നില്‍ പോയി ക്യൂ നില്‍ക്കണം. അവിടുത്തെ ചേച്ചി/ചേട്ടന്‍ പല രൂപത്തിലും വലിപ്പത്തിലുമുള്ള കുറേ ഗുളികളുടെ സ്ട്രിപ്പ് വെട്ടിയും മുറിച്ചും നമ്മുടെ മുന്നോട്ടെറിയും ഇത് രാവിലെ ഇത് രാത്രി ഇത് മൂന്ന് നേരം എന്നിങ്ങനെ…എന്തരോ എന്തോന്ന് പിറുപിറുത്ത് നുമ്മളിങ്ങെറങ്ങിപ്പോരും.

ഇപ്പൊ ദേ കഥ മാറി.

രണ്ടു ദിവസം കൊണ്ടൊരു പനിക്കോള്. ശരീരവേദനയും ക്ഷീണവും കടുത്തപ്പൊ ഇന്നലെ ഉച്ചയോടെ നാട്ടിലെ സര്‍ക്കാരാശുപത്രിയിലേക്ക് ചെന്നു.
ആദ്യ നോട്ടത്തില്‍ത്തന്നെ ആ മേക്കോവര്‍ ഫീല്‍ ചെയ്തു. മൊത്തം സെറ്റപ്പ് മാറിയിരിക്കുന്നു. ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന വൃത്തിയും ഭംഗിയും. കിടത്തിച്ചികിത്സിക്കാനുള്ള ആശുപത്രിക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.

തുണ്ടെടുക്കുന്ന കൗണ്ടറില്‍ ദേ കമ്പ്യൂട്ടര്‍. കൗണ്ടറിലെ ചേച്ചി പേരും വിലാസവും വയസ്സുമൊക്കെ ചോദിച്ച് അതൊക്കെ രേഖപ്പെടുത്തിയ ഒരു ടോക്കണ്‍ തന്നു. അതുമായി നിരത്തിയിട്ട കസേരയിലൊന്നില്‍ ചെന്നിരുന്ന് നോക്കുമ്പൊ മുന്നിലെ മോണിട്ടറില്‍ ഡോക്ടറുടെ പേരും ടോക്കണ്‍ നമ്പരുമൊക്കെ ഡിസ്പ്ലേ ചെയ്യുന്നുണ്ട്. എന്റെ ടോക്കണ്‍ 138. സ്‌ക്രീനില്‍ ഇപ്പൊ 114.

വിശാലമായി വെയ്റ്റ് ചെയ്യുമ്പോള്‍ ദാ അകത്തുനിന്ന് 138 ഉണ്ടോന്നൊരു വിളി. സ്‌ക്രീനില്‍ അപ്പോഴും 118 ആയിട്ടേയുള്ളു. ചെന്നപ്പൊ ഒരു നഴ്സ് യുവതി. പ്രഷറും ടെമ്പറേച്ചറുമൊക്കെ എടുക്കാനാണത്രേ… ആഹാ കൊള്ളാലോ… നോക്കി. മര്‍ദ്ദം കുറവും ഊഷ്മാവ് കൂടുതലും. എല്ലാം മുന്നിലെ കമ്പ്യൂട്ടറില്‍ യുവതി രേഖപ്പെടുത്തി. വെയ്റ്റ് ചെയ്‌തോളൂന്ന്. പിന്നെയും പഴയ സീറ്റില്‍ത്തന്നെ കാത്തിരിപ്പ്.

1 മണി കഴിഞ്ഞതോടെ ആദ്യ ഷിഫ്റ്റിലെ ഡോക്ടര്‍ മാറി പുതിയ ആള്‍ വന്നു. 138 സ്‌ക്രീനില്‍ തെളിഞ്ഞതോടെ ഡോക്ടറുടെ മുന്നിലേക്ക്. വിശദമായ പരിശോധന. വൈറല്‍ ഫിവറാണ്. വിശ്രമിക്കണം എന്നുപദേശം. മരുന്നു പ്രിസ്‌ക്രൈബ് ചെയ്യുന്നതും കമ്പ്യൂട്ടറില്‍ തന്നെ.

ഫാര്‍മസിയിലെ ക്യൂവില്‍ ഒന്നോരണ്ടോ പേര്‍ മാത്രം. എല്ലാ മരുന്നും ഒന്നൊന്നായെടുത്ത് കവറിലിട്ട് കഴിക്കേണ്ട വിധമൊക്കെ രേഖപ്പെടുത്തി തന്നു. അതോടൊപ്പം തരുന്ന മരുന്നും സ്റ്റോക്കില്ലാത്ത മരുന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രിന്റഡ് പ്രിസ്‌ക്രിപ്ഷനും.

ഇറങ്ങുമ്പൊ എന്റെ നാട്ടുമ്പുറത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രത്തെപ്രതി സത്യത്തില്‍ സന്തോഷവും അഭിമാനവും തോന്നി. എല്ലാമല്ലെങ്കിലും ചിലതൊക്കെ വളരെ ശരിയാവുന്നുണ്ട് കേട്ടോ…

Related posts