തിരുവനന്തപുരം: ബാങ്കുകളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പാ കുടിശികയിൽ നിഷ്ക്രിയ ആസ്തിയായി മാറിയതും ജപ്തി ഭീഷണി നേരിടുന്നതുമായ വായ്പാ തുകയുടെ 60 ശതമാനം വരെ സർക്കാർ ബാങ്കുകളിലേക്കു നേരിട്ട് അടയ്ക്കുന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരമാവധി 2.4 ലക്ഷം രൂപവരെയായിരിക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുക. വ്യത്യസ്തമായ വായ്പാ തുകയ്ക്കാകും ഇതിന്റെ പ്രയോജനം ലഭിക്കുക.
2016 മാർച്ച് 31നു മുൻപു നിഷ്ക്രിയ ആസ്തിയായ വായ്പയ്ക്കാകും ആനൂകൂല്യം ലഭിക്കുക. ഒൻപതു ലക്ഷം രൂപ വരെയുള്ള വായ്പയുടെ കുടിശിക മുതലിന്റെ അടച്ച തുക കിഴിച്ച് ബാക്കിയുള്ള 50 ശതമാനത്തിനാകും ആനുകൂല്യം ലഭിക്കുക. ഇതിലും പരാമാവധി 2.4 ലക്ഷമാകും സർക്കാർ ആനൂകൂല്യം. ബാക്കി അടയ്ക്കേണ്ട തുക ബാങ്കുകൾ പുനഃക്രമീകരിച്ചു നൽകേണ്ടതുണ്ട്.
നാലു ലക്ഷം വരെയുള്ള വായ്പാ തുകയുടെ 40 ശതമാനം അടച്ചു കഴിഞ്ഞവർക്കു ബാക്കി 60 ശതമാനം തുക സർക്കാർ നൽകും. സംസ്ഥാന തല ബാങ്കേഴ്സ് അവലോകന സമിതിയുടെ തീരുമാനം അനുസരിച്ചു ബാങ്കുകളുമായി നേരിട്ടാകും സർക്കാർ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുക.
ആറു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ കുടുംബങ്ങൾക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒൻപതു ലക്ഷം രൂപ വരെയുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം മരണമടഞ്ഞ വിദ്യാർഥികളുടെ വായ്പാ തുകയും അപകടത്തെ തുടർന്നു അംഗവൈകല്യം സംഭവിച്ചവരുടെ വായ്പാ തുകയും പൂർണമായും സർക്കാർ ഏറ്റെടുക്കും. കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുന്നവരുടെ പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും.