കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലും പദ്ധതികളിലും ജോലി നോക്കുന്ന കരാർ ജീവനക്കാരികൾക്കു സ്ഥിര നിയമനം ലഭിച്ച ജീവനക്കാരികൾക്കൊപ്പം നിയമാനുസൃതമായ പ്രസവാവധിക്ക് അർഹതയുണ്ടെന്നു ഹൈക്കോടതി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിലെ (അസാപ്) കരാർ ജീവനക്കാരി രശ്മി തോമസ്, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനിലെ പി.വി. രാഖി എന്നിവരടക്കം നൽകിയ ഹർജികളിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്കു ജീവനക്കാർക്ക് അർഹതയുണ്ട്. ഈ സാഹചര്യത്തിൽ കരാർ ജീവനക്കാരികളുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സർക്കാർ ഉത്തരവുകൾ റദ്ദാക്കുകയാണെന്നും വിധിയിൽ പറയുന്നു.
കേരള സർവീസ് ചട്ടപ്രകാരം 180 ദിവസവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരം 26 ആഴ്ചയും അവധി ലഭിക്കാൻ ഇവർ അർഹരാണ്. ഇതിനു പകരം കരാർ ജീവനക്കാരികൾക്ക് 90 മുതൽ 135 ദിവസം വരെ മാത്രം പ്രസവാവധി നൽകുന്നത് വിവേചനമാണെന്നു സിംഗിൾ ബെഞ്ച് പറഞ്ഞു.
കേരള സർവീസ് ചട്ട പ്രകാരവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരവുമുള്ള പ്രസവാവധിക്കു കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരികൾക്കാണ് അർഹതയെന്നു സർക്കാർ വാദിച്ചു.
എന്നാൽ മാതൃത്വപരമായ കടമ നിറവേറ്റാൻ ജീവനക്കാരികൾക്കു മതിയായ അവധി നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും പ്രസവാവധിയെടുക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാവുമെന്നും എൽഐസി ഉദ്യോഗസ്ഥ മിനിയുടെ കേസിൽ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.