കൂത്താട്ടുകുളം: അരയ്ക്കു താഴോട്ട് ചലന ശേഷിയില്ലെങ്കിലും പരിമിതികൾക്കുള്ളിൽനിന്നു തന്റെ രചനകളിലൂടെ ചിറകുവിടർത്തി പറക്കുകയാണ് ആറാം ക്ലാസുകാരിയായ ഗൗരി ജ്യോതി ബിനോയി. സാഹിത്യ, ചിത്രരചനാ വേദികളിലെ നിറസാന്നിധ്യമാണ് ഈ കൊച്ചു മിടുക്കി. ജന്മനാ മസിലുകൾക്ക് ബലക്കുറവ് സംഭവിക്കുന്ന മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച ഗൗരി സംഗീതോപകരണമായ ഓർഗണിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
തിരുമാറാടി മധുരംചേരിയിൽ ബിനോയിയുടെയും ജ്യോതിയുടെയും മകളാണ് വടകര സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഗൗരി. സ്കൂൾ കലോത്സവങ്ങളിലും മറ്റ് മത്സരങ്ങളിലും സമ്മാനങ്ങൾ നേടുന്ന ഗൗരിക്ക് കവിതാ രചനയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. മികച്ച പഠിതാവു കൂടിയായ ഗൗരി പിസിഎം, ഡിസിഎൽ, സത്യദീപം എന്നീ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും മികവ് പുരസ്കാരം നേടിയിട്ടുമണ്ട്.
ഇന്ത്യൻ ടാലന്റ് ടെസ്റ്റ് കണക്ക് വിഷയത്തിൽ ദേശീയ തലത്തിൽ നടന്ന മത്സരത്തിലും ഗൗരി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്വയം കാഴ്ചകൾ കാണുവാനും സഞ്ചരിക്കുവാനും സൗകര്യം ലഭിക്കുന്ന റിമോട്ടിൽ പ്രവർത്തിക്കുന്ന വീൽചെയറാണ് ഗൗരിയുടെ ഇപ്പോഴത്തെ ആഗ്രഹം. എന്നാൽ പെയ്ന്റിംഗ് തൊഴിലാളിയായ ബിനോയിയുടെ വരുമാനംകൊണ്ട് കഴിയുന്ന കുടുംബത്തിന് താങ്ങാവുന്നതല്ല ഈ ആഗ്രഹം.