കൊച്ചി : കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നു വീണുമരിച്ച സംഭവത്തിൽ അധ്യാപികമാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അധ്യാപികമാരായ ക്രസൻസ് നേവിസ്, സിന്ധു പോൾ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
അധ്യാപികമാർ ശകാരിച്ചതിനെത്തുടർന്നു പെണ്കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സ്കൂളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിലേക്ക് കൊണ്ടുപോയി പരസ്യമായി ശാസിച്ചു. ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ അധ്യാപികമാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വിദ്യാർഥികൾ തമ്മിലുള്ള നിസാരപ്രശ്നം മൂലമാണ് ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നുമുള്ള അധ്യാപികമാരുടെ വാദം ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കി.