തിരുവനന്തപുരം: കൊല്ലത്തെ സ്വകാര്യ സ്കൂളിലെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച ഗൗരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നൽകി. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രദേശിക തലത്തിൽ നടക്കുന്ന അന്വേഷണത്തിലെ അതൃപ്തിയും മുഖ്യമന്ത്രിയെ അറിയിച്ചതായി കുട്ടിയുടെ പിതാവ് പ്രസന്നകുമാർ പറഞ്ഞു.
കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രസന്നകുമാർ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ പുതിയ സംഘത്തെ പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിചേർത്ത അധ്യാപകരെ പിടികൂടാൻ സാധിക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാണെന്നും സ്കൂൾ തുറന്നു പ്രവർത്തിക്കണമെന്നും പ്രസന്നകുമാർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂളിന്‍റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൗരി ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.