കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകർക്കു പൂർണ പിന്തുണയുമായി സ്കൂൾ മാനേജ്മെന്റ്. സസ്പെൻഷൻ കാലയളവിലെ ആനുകൂല്യങ്ങളും ശന്പളവും അധ്യാപകർക്കു നൽകുമെന്നും കോടതി കുറ്റക്കാരായി വിധിച്ചാൽ മാത്രമേ അധ്യാപകർക്കെതിരേ നടപടിയെടുക്കാൻ കഴിയൂ എന്നും മാനേജ്മെന്റ് വ്യക്തമാക്കി.
വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപകർ നൽകിയ വിശദീകരണത്തിൽ തങ്ങൾ പൂർണ തൃപ്തരാണെന്നും ഇക്കാരണത്താലാണ് അധ്യാപകരെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. സസ്പെൻഷൻ കാലാവധി തീർന്നു തിരിച്ചെത്തിയ അധ്യാപകരെ കേക്ക് മുറിച്ച് സ്വീകരിച്ചതിനെയും മാനേജ്മെന്റ് ന്യായീകരിച്ചു. കേക്ക് മുറിച്ചത് അധ്യാപകർക്കു പ്രോത്സാഹനം നൽകാനാണെന്നും അധ്യാപകരെ പിന്തുണയ്ക്കാൻ മാനേജ്മെന്റിനു ബാധ്യതയുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതേതുടർന്നാണ് അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ്നിർബന്ധിതരായത്.
സസ്പെൻഷനിലായിരുന്ന അധ്യാപികമാരെ കഴിഞ്ഞ ദിവസം ട്രിനിറ്റി സ്കൂൾ തിരിച്ചെടുത്തിരുന്നു. കേക്ക് നൽകിയാണ് സിന്ധു പോൾ, ക്രസന്റ് എന്നീ അധ്യാപികമാരെ മാനേജ്മെന്റ് സ്വീകരിച്ചത്. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധ്യാപികമാരെ തിരിച്ചെടുത്തതെന്ന് ഗൗരി നേഹയുടെ മാതാപിതാക്കൾ ആരോപിച്ചു.