കൊല്ലം: വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ കത്ത് തള്ളി കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ പ്രിൻസിപ്പൽ. സർക്കാരിനു തന്നെ മാറ്റാൻ അധികാരമില്ലെന്നും സ്കൂൾ മാനേജർക്കാണു തന്നെ മാറ്റാൻ അധികാരമെന്നും സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. 60 വയസ് കഴിഞ്ഞെന്ന നിബന്ധന ഐസിഎസ്ഇ സ്കൂളുകൾക്കു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയ പ്രിൻസിപ്പൽ, ഡിഡിഇ തനിക്കെതിരായ വാർത്തകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയതായും കുറ്റപ്പെടുത്തി.
വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം കത്തുനൽകിയിരുന്നു. കേസിൽ പ്രതികളായ അധ്യാപകർക്ക് സ്കൂളിൽ സ്വീകരണം നൽകിയ സംഭവം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടും മൂന്ന് മാസങ്ങൾക്കിപ്പുറം ആഘോഷപൂർവം തിരികെ സ്കൂളിൽ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നു കത്തിൽ പറയുന്നു.
ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകർക്കു പൂർണപിന്തുണയുമായി സ്കൂൾ മാനേജ്മെന്റ് നിലയുറപ്പിച്ചിരുന്നു. സസ്പെൻഷനിലായിരുന്ന അധ്യാപികമാരെ കഴിഞ്ഞ ദിവസം ട്രിനിറ്റി സ്കൂൾ തിരിച്ചെടുത്തു. കേക്ക് നൽകിയാണ് സിന്ധു പോൾ, ക്രസന്റ് എന്നീ അധ്യാപികമാരെ മാനേജ്മെന്റ് സ്വീകരിച്ചത്. സസ്പെൻഷൻ കാലയളവിലെ ആനുകൂല്യങ്ങളും ശന്പളവും അധ്യാപകർക്കു നൽകുമെന്നും കോടതി കുറ്റക്കാരായി വിധിച്ചാൽ മാത്രമേ അധ്യാപകർക്കെതിരേ നടപടിയെടുക്കാൻ കഴിയൂ എന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതേതുടർന്നാണ് അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ് നിർബന്ധിതരായത്.