ചവറ : കൂട്ടുകാരിയുടെ സ്വപ്നത്തിന് സഹപാഠികൾ ഒരുക്കുന്ന വീടിന്റെ കട്ടളവെയ്പ്പ് കർമം നടന്നു. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസിന്റെ നേത്യത്വത്തിലുള്ള വിദ്യാർഥി കൂട്ടായ്മയിൽ ആണ് വീട് നിർമിച്ച് നൽകുന്നത്. കട്ടള വെയ്പ്പ് കർമത്തിന്റെ ഉദ്ഘാടനം എൻ.വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ , ഗ്രാമ പഞ്ചായത്തംഗം രവി, എസ് എം സി ചെയർമാൻ വർഗീസ് എം.കൊച്ചുപറമ്പിൽ , പിടിഎ പ്രസിഡന്റ് എസ്.രാധാക്യഷ്ണപിള്ള , പ്രിൻസിപ്പൽ ജെ.ഷൈല , എൻ എസ് എസ് പ്രോഗ്രാം ഓഫീർ ആമീന ബീവി , എം പി ടി എ പ്രസിഡന്റ് സി. പുഷ്പകുമാരി, പിടിഎ വൈസ് പ്രസിഡന്റ് സിന്ധു മോൾ , വിനോദ് എം.എസ് , നൗഷാദ് .എസ് , എ ഡി എസ് , സി ഡി എസ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂളിൽ പ്ലസ് വണിന് പഠിക്കുന്ന പന്മന കോലം ഗൗരി നന്ദനത്തിൽ നിജിമോൻ – ശ്രീലേഖ ദമ്പതികളുടെ മകളായ ഗൗരി. എസ്.എന്നിനാണ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്നേഹവീട് നിർമിച്ച് നൽകുന്നത്. എൻ എസ് എസിന്റെ രജത ജൂബിലിയുടെ ഭാഗമായിട്ടാണ് രജത ഭവന നിർമാണം ഏറ്റെടുത്ത് നടത്തുന്നത്.
പലരിൽ നിന്നും സഹായം സ്വീകരിച്ചാണ് എൻഎസ്എസ് പ്രവർത്തകർ ഏറെ പണ ചിലവുള്ള പദ്ധതി ഏറ്റെടുത്തത്. നാട്ടുക്കാരുടെയും സ്കൂളിലെ മറ്റു വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെ എത്രയും വേഗം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അധ്യാപകരും നാഷണൽ സർവീസ് സ്കീം കേഡറ്റ്സും ചടങ്ങിൽ പങ്കെടുത്തു.