കാട്ടിക്കുളം: നാല് വർഷത്തിന് ശേഷം ഭസവന്റെ ഭാര്യ ഗൗരി കാക്കിയണിഞ്ഞു. തോൽപ്പെട്ടി കക്കേരി കോളനിയിലെ ജെ.എസ്. ഗൗരിയാണ് വനം വകുപ്പിന്റെ വാച്ചറായി കാക്കിയിട്ടത്. 2015 നവംബർ 24ന് വൈൽഡ് ലൈഫിന്റെ കട്ടപാളം ആന്റിസ് പോച്ച് ക്യാന്പിൽ ജോലിക്ക് പോയ ഭസവൻ ദുരൂഹ സാഹചര്യത്തിലാണ് വനത്തിൽ മരണപ്പെട്ടത്. ഡിസംബർ 18 നാണ് താടിയെല്ലും തലയോട്ടിയും വനത്തിൽ നിന്നും കണ്ടെടുത്തത്.
ഉന്നതതല അന്വേഷണം നടത്തണമെന്ന് നിരവധി തവണ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല. ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്നാണ് ഗൗരിയുടെ ആരോപണം. ഭസവന്റെ മരണശേഷം ഭർത്താവിന്റെ ജോലിക്ക് വേണ്ടി നാല് മക്കളുടെ മാതാവായ ഗൗരി നിയമ പോരാട്ടം നടത്തിയാണ് വാച്ചറായി നിയമന ഉത്തരവ് ലഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലാണ് നിയമനത്തിൽ ജോലിക്ക് കയറിയത്.