ഗൗരി നേഹയുടെ മരണം: ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സസ്പെന്‍റ് ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തിൽ പ്രിൻസിപ്പൽ രാജിവച്ചു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പൽ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തിൽ പ്രതികളായ അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തിൽ കുറ്റക്കാരനായ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് നോട്ടീസയച്ചിരുന്നു.

വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെ അവധിയിൽ പോകാൻ പ്രിൻസിപ്പലിനോട് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിഷയത്തിൽ സസ്പെൻഡു ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്മെന്‍റ് യോഗം വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ജീവനൊടുക്കിയതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയും, ഇതേതുടർന്ന് അധ്യാപകരെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Related posts