ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ വിപ്ലവനക്ഷത്രം കെ.ആർ. ഗൗരിയമ്മയ്ക്ക് നൂറു വയസ്. മിഥുനമാസത്തിലെ തിരുവോണ നാളിലാണ് ആഘോഷം. പിറന്നാൾ മധുരം പങ്കുവയ്ക്കാൻ വിളിച്ച മാധ്യമപ്രവർത്തകരോട് ഏറേ സന്തോഷത്തോടെയാണ് ചാത്തനാട്ടെ കുഞ്ഞമ്മ( ഗൗരിയമ്മ) വിശേഷങ്ങൾ പങ്കുവച്ചത്. ചെറുപ്പം മുതലുള്ള പിറന്നാൾ ആഘോഷങ്ങളുടെ ഓർമകൾ പങ്കുവയ്ക്കവേ ഇടയ്ക്കെപ്പഴോ ആ കണ്ണുകൾ ഈറനണിഞ്ഞു.
നൂറിലേക്കു കടക്കുന്ന പ്രിയ നേതാവിനു വിപുലമായ പിറന്നാൾ ആഘോഷമാണ് ജെഎസ്എസ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മന്ത്രിമാരുൾപ്പെടെ പ്രമുഖരെ ആഘോഷപരിപാടികളിൽ പങ്കെടുപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ.
ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. അന്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ മൂന്നുതരം പായസവുമായി വിപുലമായ സദ്യയാണ് ഒരുക്കുന്നത്. ആറുതരം തൊടുകറികൾ, കരിമീൻ പെള്ളിച്ചത്, കോഴിക്കറി, ബീഫ് വരട്ടിയത് തുടങ്ങി സദ്യയ്ക്കു കൊഴുപ്പോകുന്ന വിഭവങ്ങൾ ധാരാളം. നൂറിലും വീറോടെ റെഡ് സല്യൂട്ട് അടിച്ചാണ് ഗൗരിയമ്മ പത്രസമ്മേളനം അവസാനിപ്പിച്ചത്.