കോട്ടയം: റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറിന്റെ (28) മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്. കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്പിൽച്ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്.
വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി അറിയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഗൗതം ആത്മഹത്യചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് ഗൗതമിനെ കാരിത്താസിനു സമീപമുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തിയ റെയിൽവേ ട്രാക്കിനു സമീപത്തുനിന്നും 100 മീറ്റർ മാറി ഗൗതമിന്റെ കാർ കണ്ടെത്തിയിരുന്നു. കാറിൽ രക്തം ചിതറിത്തെറിച്ച നിലയിലും കഴുത്തു മുറിക്കാൻ ഉപയോഗിച്ച കത്തി രക്തം പുരണ്ട നിലയിലും പോലീസ് കണ്ടെത്തിയിരുന്നു.
കഴുത്തിലെ മുറിവ് ഒഴികെ മൃതദേഹത്തിൽ കണ്ടെത്തിയ പരിക്കുകളെല്ലാം ട്രെയിൻ തട്ടിയാലുണ്ടാവുന്ന പരുക്കുകളാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ മുറിവ് കാറിൽ കണ്ടെത്തിയ കത്തികൊണ്ടുള്ളതാണെന്ന് പോലീസ് അറിയിച്ചു. ഗൗതമിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: ഡോ. മീര വിജയകുമാർ, സഹോദരി: ഗായത്രി.