സ്വന്തംലേഖകന്‍
കോഴിക്കോട്: നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശിയുടെ വീട്ടില്‍ രഹസ്യ അറ ! കൂട്ടിലങ്ങാടി പഴമള്ളൂര്‍ സ്വദേശി പഴേടത്ത് അബൂബക്കറിന്റെ വീട്ടിലാണ് കസ്റ്റംസ് രഹസ്യ അറ കണ്ടെത്തിയത്.
കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കൊച്ചി യൂണിറ്റ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു വീട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് രഹസ്യ അറ കണ്ടത്.
വീട്ടിലെ മുറിയില്‍ ചുമര് തുരന്നുള്ള അലമാരയുണ്ടായിരുന്നു. ഈ അലമാര പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മറ്റൊരു രഹസ്യ അറ ശ്രദ്ധയില്‍പെട്ടത്. അലമാരയുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു ഇവ നിര്‍മിച്ചത്.
ഒറ്റനോട്ടത്തില്‍ ഈ അറ കാണാന്‍ സാധിക്കില്ല. അറ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ട് തുറക്കാന്‍ സാധിച്ചില്ല. തുറക്കാന്‍ താക്കോലില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. മുറി സീല്‍ ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചതിനെ തുടര്‍ന്നു പൂട്ട് കുത്തിത്തുറക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.
ഉടന്‍ തന്നെ കസ്റ്റംസ് അധികൃതര്‍ പുറത്തുനിന്നുള്ള ജോലിക്കാരന്റെ സഹായത്തോടെ രഹസ്യ അറ കുത്തിതുറന്നു. വെല്‍വറ്റ് പതിച്ച പ്രതലമായിരുന്നു അറയ്ക്കുള്ളിലുണ്ടായിരുന്നത്.
ഈ അറ കൂടാതെ ഇതിനുള്ളില്‍ മറ്റൊരു അറ കൂടി ഉണ്ടായിരുന്നതായി കസ്റ്റംസ് കണ്ടെത്തി. മണിക്കൂറുകള്‍ ചെലവഴിച്ച “ഓപ്പറേഷന്’ ഫലം കണ്ടെന്ന ആശ്വാസത്തിലായിരുന്നു അധികൃതര്‍. തെളിവുകള്‍ ലഭിക്കുമെന്ന ആകാംക്ഷയിലായിരുന്നു കസ്റ്റംസ്. എന്നാല്‍ പൂട്ടുപൊളിച്ചതോടെ കസ്റ്റംസ് ഞെട്ടി, ശൂന്യം!
അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പേ തന്നെ കസ്റ്റംസ് പരിശോധന നടക്കു മെന്ന് അബൂബക്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മനസിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചതെല്ലാം മാറ്റാനുള്ള സമയവും സൗകര്യവും ഇവര്‍ക്കു ലഭിച്ചു.
റെയ്ഡിനു മുന്‍പു തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നീക്കം ചെയ്തെന്നാണ് കസ്റ്റംസി്ന്റെ വിലയിരുത്തൽ. സ്വര്‍ണം സൂക്ഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് അറയ്ക്കുള്ളില്‍ ഒരുക്കിയിരുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്. രഹസ്യ അറ സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചിയിലെ അന്വേഷണസംഘത്തിനു വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അബൂബക്കറിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പണം നിക്ഷേപിച്ചവരിലൊരാളാണ് അബൂബക്കറെന്നാണ് കസ്റ്റംസിന്റെ നിഗമനം.
കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിറ്റഴിച്ചതിലും അബൂബക്കറിനു പങ്കുണ്ടെന്നു കസ്റ്റംസ് പറയുന്നു. ചൊവ്വാഴ്ച പകല്‍ 12 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 5.30 നാണ് അവസാനിച്ചത്.